rbi-repo-cut

കൊച്ചി:പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആദായ നികുതിയിൽ ഇളവ് അനുവദിച്ച കേന്ദ്ര ബഡ്‌ജറ്റിന് പിന്നാലെ പലിശനിരക്കിൽ കുറവ് വരുത്തി റിസർവ് ബാങ്കിന്റെയും ജനപ്രിയ പ്രഖ്യാപനം. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധനനയ നിർണയ സമിതി (എം.പി.സി )​ യോഗം ഇന്നലെ റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ച് 6.25 ശതമാനമാക്കി. റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്‌പയുടെ പലിശയാണ് റിപ്പോ.

റിപ്പോ കുറഞ്ഞതിനാൽ വൈകാതെ വായ്‌പാപലിശ കുറയ്‌ക്കാൻ ബാങ്കുകൾ തയ്യാറാകും. ഇതോടെ ഭവന,​ വാഹന,​ വ്യക്തിഗത വായ്‌പാ പലിശ കുറയാൻ കളമൊരുങ്ങി.

2017 ആഗസ്‌റ്റിന് ശേഷം ആദ്യമായാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ബാങ്കുകൾ റിസർവ് ബാങ്കിൽ നടത്തുന്ന നിക്ഷേപത്തിന്റെ പലിശയായ റിവേഴ്‌സ് റിപ്പോയും കാൽ ശതമാനം കുറച്ച് 6 ശതമാനമാക്കി. ബാങ്ക് നിക്ഷേപത്തിന്റെ പലിശ കുറയാനും ഇതിടയാക്കും. കേന്ദ്രസർക്കാർ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണിത്. റിസർവ് ബാങ്കിൽ നിന്ന് ബാങ്കുകൾ വാങ്ങുന്ന അടിയന്തര വായ്‌പയുടെ പലിശയായ എം.എസ്.എഫും കാൽ ശതമാനം കുറച്ച് 6.50 ശതമാനം ആക്കിയിട്ടുണ്ട്.

 പലിശ ബാദ്ധ്യത കുറയുന്നത് ഇങ്ങനെ

റിപ്പോ നിരക്ക് കുറച്ചത് പലിശ ബാദ്ധ്യത കുറയാൻ സഹായകമാണ്. ഉദാഹരണത്തിന് 20 വർഷത്തേക്ക് എടുത്ത 30 ലക്ഷം രൂപയുടെ ഭവന വായ്‌പയുടെ തിരിച്ചടവിൽ 1ലക്ഷത്തിലേറെ കുറവ് വരും.

വായ്‌പാത്തുക - ₹30,00,000

കാലാവധി - 20 വർഷം

നിലവിൽ പലിശ - 8.80%

നിലവിലെ ഇ.എം.ഐ - ₹26,607.11

ആകെ പലിശ ബാദ്ധ്യത-₹33,85,706.40

റിപ്പോ നിരക്കിലുണ്ടായ ഇളവ് - 0.25%

പുതിയ പലിശ - 8.55%

പുതിയ ഇ.എം.ഐ - ₹26,129.71

ഇ.എം.ഐയിൽ കുറയുന്നത് - ₹477.39

പുതിയ പലിശ ബാദ്ധ്യത - ₹32,71,130.4

ബാദ്ധ്യത കുറയുന്നത് - ₹1,​14,​576

(എസ്.ബി.ഐയുടെ കണക്ക് പ്രകാരം)​

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്നത് പരിഗണിച്ചാണ് മുഖ്യ പലിശനിരക്ക് കുറച്ചത്.

-ശക്തികാന്ത ദാസ്

റിസർവ് ബാങ്ക് ഗവർണർ