മുംബയ്: ഫുട്ബാൾതാരത്തെ വംശീയമായി അധിക്ഷേപിച്ചതിന് ബോളിവുഡ് നടി ഇഷാ ഗുപ്ത മാപ്പ് പറഞ്ഞു. ആർസണൽതാരം അലക്സ് ഇവോബിയാണ് ഇഷയുടെ അധിഷേപത്തിന് ഇരയായത്. കഴിഞ്ഞമാസം ഇരുപത്തെട്ടിന് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇഷ പങ്കുവച്ച വാട്ട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ടിലാണ് വിവാദ പരാമർശങ്ങൾ നടത്തിയത്. ഇഷയും സുഹൃത്തുക്കളും ഇവോബിയുടെ പ്രകടനത്തെ വിലയിരുത്തുന്നതിനിടയിലായിരുന്നു ഇത്. ആർസണലിന്റെ കടുത്ത ആരാധികയാണ് ഇഷ.
അറിവില്ലായ്മ കാരണമാണ് എല്ലാം സംഭവിച്ചതെന്നാണ് ഇവോബിയ്ക്ക് എഴുതിയ കത്തിൽ ഇഷ പറയുന്നത്. ' അറിവില്ലായ്മ മൂലംചെയ്ത പ്രവൃത്തിയിൽ മാപ്പ് ചോദിക്കുന്നു. എന്റെ പോസ്റ്റിൽ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ഉണ്ടെന്ന് മനസിലായിട്ടില്ല. അതിൽ പശ്ചാത്തപിക്കുന്നു.എന്റെ പരാമർശം നിങ്ങളുടെ വികാരങ്ങളെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാകുമെന്ന് സങ്കൽപ്പിക്കാനാവുന്നില്ല. വംശീയതയ്ക്ക് ഒരിക്കലും എന്റെ ഹൃദയത്തിൽ സ്ഥാനമില്ല. ഇത്തരമൊരു സംഭവം ഇനി ഒരിക്കലും ഉണ്ടാകില്ലെന്ന് ഉറപ്പു തരുന്നു. എന്നോട് ക്ഷമിക്കണം- ഇഷ കത്തിൽ പറയുന്നു.താരത്തിനൊപ്പം ക്ലബ് അധികൃതർക്കും ഇഷ കത്ത് അയച്ചിട്ടുണ്ട്.
പോസ്റ്റ് പുറത്തുവന്നതോടെ സംഭവം വിവാദമായി. ഇതിനിടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിയൂരാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. ഇതോടെ ആർസണൽ ആരാധകർ ഇഷയെ നിറുത്തിപ്പൊരിച്ചു. തുടർന്നാണ് മാപ്പുപറഞ്ഞത്.