devaswom-commissioner-n-v

തിരുവനന്തപുരം: സുപ്രീംകോടതിയിൽ നിലപാട് മാറ്റിയിട്ടില്ലെന്ന് ദേവസ്വം ബോർഡ് കമ്മീഷണർ എൻ.വാസു. സുപ്രീംകോടതി വിധി അനുസരിച്ചുള്ള നിലപാടാണ് ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ പുന:പരിശോധനാ ഹർജികളാണ് പരിഗണിച്ചതെന്നും അതിന് സാവകാശ ഹർജിയുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാവകാശ ഹർജിയിൽ വാദം നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബർ മാസത്തിൽ ദേവസ്വം ബോർഡ് എടുത്ത അതേ നിലപാട് തന്നെയാണ് കോടതിയിലും സ്വീകരിച്ചത്. ദേവസ്വം പ്രസിഡന്റ് എ.പദ്മകുമാറിന് ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം പ്രസിഡന്റ് തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല അതിനുള്ള സാചര്യവുമില്ലെന്ന് എൻ.വാസു വ്യക്തമാക്കി. കാര്യങ്ങൾ വിശദീകരിച്ച് പ്രസിഡന്റിനെ കാണുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിലെ നിലപാട് മാറ്റത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിഷയത്തിൽ ദേവസ്വം ബോർഡ് കമ്മീഷണറോട് വിശദീകരണംആവശ്യപ്പെട്ടുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ തന്നോട് വിശദീകരണം ആവശ്യപ്പെട്ടില്ലെന്നും അതിനുള്ള സാഹചര്യം ഇല്ലെന്നുമായിരുന്നു കമ്മീഷണറുടെ മറുപടി.