kaumudy-news-headlines

1. ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയിട്ടില്ല എന്ന് ദേവസ്വം കമ്മിഷണര്‍ എന്‍. വാസു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് നിലപാട് തന്നെ ആണ് സുപ്രീംകോടതിയില്‍ അറിയിച്ചത്. സാവകാശ ഹര്‍ജിയില്‍ വാദം നടന്നിട്ടില്ല എന്നും പുന പരിശോധനാ ഹര്‍ജികളില്‍ ആണ് വാദം നടന്നത് എന്നും എന്‍. വാസു

2. അതേസമയം, ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയത് താന്‍ അറിഞ്ഞിട്ടില്ല എന്ന് പ്രസിഡന്റ് എ. പദ്മകുമാര്‍. യുവതീ പ്രവേശനത്തെ അനുകൂലിക്കാന്‍ അല്ല അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഭരണഘടനയ്ക്ക് ഒപ്പം ആചാര അനുഷ്ഠാനങ്ങളും കണക്കില്‍ എടുക്കേണ്ടത് ഉണ്ട്. വിധി അംഗീകരിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചപ്പോഴാണ് അഭിഭാഷകന്‍ അനുകൂലിച്ചത്. ഇക്കാര്യത്തില്‍ വിശദീകരണം തേടിയിട്ടുണ്ട് എന്നും പദ്മ കുമാര്‍

3. പ്രതികരണം, ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പദ്മ കുമാറിനെ മാറ്റി റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അധ്യക്ഷന്‍ എം. രാജഗോപാലന്‍ നായരെ നിയമിക്കാന്‍ നീക്കം നടക്കുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ. അതിനിടെ, യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അയ്യപ്പ ഭക്തരുടെ കൂട്ടായ്മയ്ക്ക് പറയാനുള്ളത് വീണ്ടും കേള്‍ക്കും എന്ന് സുപ്രീംകോടതി. തങ്ങളുടെ ഭാഗം കേട്ടില്ലെന്ന കൂട്ടായ്മയുടെ ആവശ്യത്തില്‍ ആണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.

4. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ മത്സരിക്കേണ്ട എന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പിയുടെ ഭാരവാഹികള്‍ ആരും മത്സരിക്കേണ്ട എന്നാണ് അഭിപ്രായം. ബി.ഡി.ജെ.എസ് എസ്.എന്‍.ഡി.പിയുടെ പോഷക സംഘടന അല്ല എന്നും വെള്ളാപ്പള്ളി. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കും എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. വെള്ളാപ്പള്ളി നിലപാട് അറിയിച്ച് രംഗത്ത് എത്തിയത് ഈ സാഹചര്യത്തില്‍

5. ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് നിലപാട് അറിയിച്ച സാഹചര്യത്തില്‍ അതില്‍ വിവാദം വേണ്ടെന്നും വെള്ളാപ്പള്ളി. ശബരിമല കേസില്‍ അന്തിമ വിധി അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാവണം. ഇപ്പോള്‍ ദേവസ്വം ബോര്‍ഡിനെ കുറ്റംപറയുന്ന ബി.ജെ.പിയും കോണ്‍ഗ്രസും നിരവധി തവണ നിലപാട് മാറ്റിയിട്ടില്ലേ എന്നും ചോദ്യം

6. വണ്ടര്‍ലാ പരിസ്ഥിതി ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും സ്‌കൂളുകള്‍ക്കായി വണ്ടര്‍ലാ ഏര്‍പ്പെടുത്തിയിട്ടുള്ള പരിസ്ഥിതി അവാര്‍ഡുകള്‍ സിനിമാ നടന്‍ ഷാജോണ്‍ വിതരണം ചെയ്തു. സ്‌കൂളുകള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് കുട്ടികളില്‍ പ്രകൃതി സംരക്ഷണത്തെ കുറിച്ചുള്ള അവബോധം വളര്‍ത്താന്‍ ഏറെ പ്രയോജനപ്പെടുമെന്ന് ഷാജോണ്‍ അഭിപ്രായപ്പെട്ടു

7. ചടങ്ങില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും നാഷണല്‍ ടീച്ചേഴ്സ് അവാര്‍ഡ് ജേതാവുമായ ടി.എം വര്‍ഗീസ് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസ് എടുത്തു. വണ്ടര്‍ലാ ഹോളിഡേയ്സ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, വണ്ടര്‍ലാ ഹോളിഡേയ്സ് സി.എഫ്.ഒ ജേക്കബ് കുരുവിള, വണ്ടാര്‍ലാ കൊച്ചി പാര്‍ക്ക് ഹെഡ് രവികുമാര്‍ എം.എ, എഞ്ചിനിയറിംഗ്- ഡി.ജി.എം വിന്നി കെ.തുടിയന്‍ എന്നിവര്‍ പങ്കെടുത്തു.

8. ദേശീയപാത സ്ഥലമേറ്റെടുപ്പില്‍ കേന്ദ്രസര്‍ക്കാരിന് വ്യക്തതയില്ലെന്ന് മന്ത്രി ജി. സുധാകരന്‍. സ്ഥലം ഏറ്റെടുപ്പുമായി സംസ്ഥാനം മുന്നോട്ടു പോകുമ്പോള്‍ കേന്ദ്ര റവന്യൂമന്ത്രാലയം തണുപ്പന്‍ നിലപാട് ആണ് സ്വീകരിക്കുന്നത്. പാതക്കായി നേരത്തെ ഏറ്റെടുത്തവരുടെ സ്ഥലം വീണ്ടും ഏറ്റെടുക്കുമ്പോള്‍ പ്രത്യേക പരിഗണന നല്‍കണം എന്നും മന്ത്രി വ്യക്തമാക്കി

9. കെ.എസ്.ആര്‍.ടി.സിയുടെ പുതിയ എം.ഡി ആയി എം.പി ദിനേശ് ചുമതലയേറ്റു. ടോമിന്‍ തച്ചങ്കരിയെ മാറ്റിയ ഒഴിവിലാണ് എം.പി ദിനേശിനെ പുതിയ എം.ഡി യായി നിയമിച്ചത്. എല്ലാവരുമായി സഹകരിച്ച് മുന്നോട്ട് പോകും. മുന്‍വിധിയോ മുന്‍ ധാരണയോ ഇല്ല. സര്‍ക്കാര്‍ ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കും എന്നും എം.പി ദിനേശ് പറഞ്ഞു

10. ഛത്തീസ്ഗഡിലെ റായ്പൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകനെ ബി.ജെ.പി നേതാക്കള്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ബി.ജെ.പി നേതാക്കള്‍ പങ്കെടുത്ത പരിപാടികള്‍ ഹെല്‍മറ്റ് ധരിച്ച് എത്തി റിപ്പോര്‍ട്ട് ചെയ്താണ് മാദ്ധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ബി.ജെ.പി റായ്പൂര്‍ ജില്ലാ പ്രസിഡന്റ് രാജീവ് അഗര്‍വാളിന് എതിരെ ആണ് മാദ്ധ്യമ പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധം

11. ആഗോള തലത്തില്‍ എല്‍.പി.ജി ഉപഭോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ രണ്ടാംസ്ഥാനത്ത് എത്തി എന്ന് ഓയില്‍ സെക്രട്ടറി എം.എം കുട്ടി. 2025 ആകുമ്പോഴേക്കും എല്‍.പി.ജി ആവശ്യകതയില്‍ 34 ശതമാനത്തിന്റെ വര്‍ധന ഉണ്ടാവും എന്നും എം.എം കുട്ടി. ഡല്‍ഹിയില്‍ നടന്ന എല്‍.പി.ജി ഉച്ചകോടിയില്‍ ആണ് ഓയില്‍ സെക്രട്ടറിയുടെ പരാമര്‍ശം

12. തിരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വാട്സ് ആപ്പ് ദുരുപയോഗം ചെയ്യുന്നതായി വാട്സ് ആപ്പ് കമ്മ്യൂണിക്കേഷന്‍ മേധാവി കാള്‍ വൂഗ്. ലോക്സഭാ തിരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ശേഷിക്കെ ആണ് പരസ്പര പഴിചാരലിനും പാരവയ്പ്പിനും രാഷ്ട്രീയ പാര്‍ട്ടികള്‍ വാട്സ് ആപ്പ് ഉപയോഗിക്കുന്നു എന്നുള്ള റിപ്പോര്‍ട്ട്

13. സമ്മതം ഇല്ലാതെ ജനനം നല്‍കിയ മാതാ പിതാക്കള്‍ക്ക് എതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുക ആണ് മുംബയ് സ്വദേശി ആയ റാഹേല്‍ സാമുവല്‍. മനുഷ്യ ജീവിതം ദുരിതങ്ങള്‍ നിറഞ്ഞത് ആണെന്നും അനുകമ്പയുടെ പേരില്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കരുത് എന്നും വാദം. ഈ ലോകത്ത് തനിക്ക് ആഗ്രഹിക്കുന്ന ഒരു കാര്യവും ചെയ്യാന്‍ ആവുന്നില്ല. തന്നെ ജനിപ്പിച്ചത് മാതാപിതാക്കളുടെ സന്തോഷത്തിനും ആനന്ദത്തിനും വേണ്ടി മാത്രമെന്നും റാഹേല്‍