കൽപ്പറ്റ: സി.പി.എമ്മിന്റെ ഫ്രാഞ്ചൈസിയായി ദേവസ്വംബോർഡ് അധഃപതിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വയനാട് ജില്ലാകോൺഗ്രസ് കമ്മിറ്റി ഓഫീസിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ വിശ്വാസികളുടെ മനസിൽ മുറിവും പ്രതിഷേധവുമുണ്ടാക്കി. സുപ്രീംകോടതിയിൽ സ്വീകരിച്ച സമീപനം വിശ്വാസികൾക്കെതിരാണ്. ദേവസ്വംബോർഡ് അഭിപ്രായം മാറ്റിയതിന് പിന്നിൽ സി.പി.എമ്മിന്റെ സമ്മർദ്ദമാണോയെന്ന് പറയാൻ പ്രസിഡന്റ് തയ്യാറാവണം. ജനരോഷത്തെ ലിംഗസമത്വം കൊണ്ട് നേരിട്ടാൽ പിണറായി വിജയന്റെ കൈമുറിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രളയ പ്രതിസന്ധികളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശബരിമല വിഷയം സർക്കാർ കവചമാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് നവംബർ മുതൽ മാദ്ധ്യമവിലക്കാണ്. മാദ്ധ്യമങ്ങൾക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണണമെങ്കിൽ പി.ആർ.ഡി മുഖേന മുൻകൂട്ടി അനുമതി വാങ്ങണമെന്നത് ആവിഷ്‌കാര നിരോധനത്തിന്റെ ഭാഗമാണ്. ഇതിനെ കൾച്ചറൽ ഫാസിസമായേ കാണാനാകൂ. റെയിൽവേസ്റ്റേഷൻ, എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിൽ മീഡിയാ കോർണർ തുറക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. ഇതും മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരാണ്. ജനാധിപത്യത്തിന്റെ വായ മൂടിക്കെട്ടാനുള്ള ഈ നടപടി പത്രമാരണ നിയമമാണെന്നും അദ്ദേഹം പരിഹസിച്ചു. നവംബറിലെ സർക്കുലർ ഇപ്പോൾ പുതിയ രൂപത്തിൽ വന്നിരിക്കുകയാണ്. ഈ നടപടി അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ശൂരനാട് രാജശേഖരൻ, എ.എ. ഷുക്കൂർ, സുമ ബാലകൃഷ്ണൻ, ജോൺസൺ എബ്രഹാം, സി.ആർ. ജയപ്രകാശ്, കെ.കെ. അബ്രഹാം, പി.പി. ആലി തുടങ്ങിയവർ സംസാരിച്ചു.