കൊച്ചി: റെക്കാഡ് കുതിപ്പിന് വിരാമമിട്ട് സംസ്ഥാനത്ത് സ്വർണവില താഴേക്ക് നീങ്ങുന്നു. ആഭരണ പ്രേമികൾക്ക് ആശ്വാസമായി പവൻവില ഇന്നലെ 160 രൂപ കുറഞ്ഞ് 24,640 രൂപയിലെത്തി. 20 രൂപ താഴ്‌ന്ന് ഗ്രാം വില 3,080 രൂപയായി. കഴിഞ്ഞ നാലിന് പവന് ചരിത്രത്തിലെ ഏറ്റവും കൂടിയ വിലയായ 24,880 രൂപയിലും ഗ്രാം വില 3,110 രൂപയിലും എത്തിയിരുന്നു.
രാജ്യാന്തര വിപണിയിലെ വിലക്കുതിപ്പ്, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതി ചെലവിലുണ്ടായ വർദ്ധന, വിവാഹ സീസണിലെ മികച്ച വില്‌പന എന്നിവയാണ് പൊന്നിന്റെ വിലക്കയറ്റത്തിന് കാരണമായത്. ഇന്നലെ രാജ്യാന്തര വില ഔൺസിന് 1,310 ഡോളറിൽ നിന്ന് 1,302 ഡോളറിലേക്ക് താഴ്‌ന്നത്, ഇന്ത്യയിലും വില കുറയാൻ സഹായകമായി. ന്യൂഡൽഹി സ്വർണ വിപണിയിൽ ഇന്നലെ പത്തുഗ്രാമിന് 270 രൂപ താഴ്‌ന്ന് വില 34,180 രൂപയിൽ എത്തിയിട്ടുണ്ട്.