ന്യൂഡൽഹി: കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. തിരഞ്ഞെടുപ്പ് യന്ത്രങ്ങളിൽ കൃത്രിമം നടന്നെന്ന് ആരോപിച്ച് കോൺഗ്രസ് ലണ്ടനിൽ നടത്തി പത്ര സമ്മേളനം രാജ്യത്തെ അപമാനിക്കുന്നതിന് വേണ്ടിയായിരുന്നെന്ന് നരേന്ദ്ര മോദി പറഞ്ഞു. കോൺഗ്രസിന്റെ 55 വർഷത്തെ ഭരണവും ബി.ജെ.പി സർക്കാരിന്റെ 55 മാസത്തെ ഭരണവും തമ്മിൽ ജനങ്ങൾ താരതമ്യം ചെയ്യണമെന്നും പ്രധാനമന്ത്രി പാർലമെന്റിൽ പറഞ്ഞു.
കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച മോദി ബി.ജെ.പി സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. ബി.ജെ.പി കേന്ദ്രം ഭരിക്കാൻ ആരംഭിച്ചതിന് ശേഷം രാജ്യം വിദേശ നിക്ഷേപങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയെന്നും ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റാൻ സർക്കാരിനായെന്നും മോദി പാർലമെന്റിൽ വ്യക്തമാക്കി. താനിതുവരെ പാർലമെന്റിന് അകത്തും പുറത്തും സത്യം മാത്രമേ പറഞ്ഞിട്ടുള്ളു. കോൺഗ്രസ് ഇത്രയും കാലം രാജ്യം ഭരിച്ചിട്ടും രാജ്യത്തെ പാവപ്പെട്ടവന് വൈദ്യുതി എത്തിച്ച് നൽകിയിട്ടില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ കോൺഗ്രസാണ് അട്ടിമറിച്ചത്. രാജ്യത്തെ കള്ളൻ കാവൽക്കാരനെ കുറ്റപ്പെടുത്തുകയാണെന്നും മോദി പാർലമെന്റിൽ വ്യക്തമാക്കി.
പ്രധാനമന്ത്രിയെ വെറുക്കുന്നതിനൊപ്പം പ്രതിപക്ഷം രാജ്യത്തെ കൂടി വെറുക്കുകയാണ്. അതുകൊണ്ടാണ് രാജ്യത്തെ അപമാനിക്കുന്നതിനായി കോൺഗ്രസ് ലണ്ടനിൽ പത്രം സമ്മേളനം വിളിച്ചുകൂട്ടിയത്. രാജ്യത്തെ കോൺഗ്രസ് പാർട്ടി സൈന്യത്തെയും സുപ്രീം കോടതിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും അധിക്ഷേപിക്കുകയാണ്. പ്രതിപക്ഷം മുമ്പോട്ട് വയ്ക്കുന്ന മഹാസഖ്യം രാജ്യത്തെ പ്രാവർത്തികമാകില്ല. മഹാസഖ്യത്തിലെ നേതാക്കൾ അന്യോന്യം വൈര്യം സൂക്ഷിക്കുന്നവരാണ്. അതുകൊണ്ടാണ് മഹാസഖ്യത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ അവർ തയ്യാറാവാത്തത്- മോദി പറഞ്ഞു.