rahman

മുംബയ്: പൊതുവേദിയിൽ മകൾ മുഖം മറച്ചെത്തിയതിന് പഴി സംഗീത കുലപതി എ.ആർ. റഹ്മാന്. കഴിഞ്ഞ ദിവസമാണ് സ്ലംഡോഗ് മില്യണയർ സിനിമയുടെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകൾ ഖദീജ മുഖം മറച്ച് വസ്ത്രം ധരിച്ചെത്തി പിതാവുമായി വേദി പങ്കിട്ടത്. റഹ്‌മാനെ പോലൊരു വ്യക്തിയുടെ മകൾക്ക് ഇത്രയും സ്വാതന്ത്ര്യം മാത്രമേ നൽകുന്നുള്ളോ എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ചോദ്യമുയർന്നത്. എന്നാൽ വസ്ത്രധാരണം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്ന് അദ്ദേഹം ഇതിന് മറുപടി നൽകുകയും ചെയ്തു.

ഭാര്യ സയ്‌റ ബാനു, മക്കളായ ഖദീജ, റഹീമ എന്നിവർ നിത അംബാനിക്കൊപ്പം നിൽക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്താണ് റഹ്‌മാൻ വിവാദങ്ങൾക്ക് മറുപടി നൽകിയത്. 'എന്റെ ജീവിതത്തിലെ അമൂല്യ വനിതകൾ' എന്ന ടാഗ് ലൈനോടു കൂടിയാണ് റഹ്‌മാൻ ചിത്രം പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിനൊപ്പം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം എന്ന ഹാഷ് ടാഗും ചേർത്തിട്ടുണ്ട്. ചിത്രത്തിൽ സഹോദരി റഹീമയിൽ നിന്നു വ്യത്യസ്തയായി നിക്കാബ് ധരിച്ചാണ് ഖദീജ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഖദീജ നിക്കാബ് അണിഞ്ഞാണ് പൊതു വേദികളിലും അഭിമുഖങ്ങളിലും പ്രത്യക്ഷപ്പെടാറുള്ളത്.