കൊൽക്കത്ത : സി.ബി.ഐ റെയ്ഡിനെതുടർന്നുള്ള സംഭവ വികാസങ്ങൾക്ക് ശേഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാരും വീണ്ടും ഏറ്റുമുട്ടലിന്. റെയ്ഡിനെത്തുടർന്ന് കേന്ദ്രത്തിനെതിരെ സമരം പ്രഖ്യാപിച്ച് മമതാബാനർജി നടത്തിയ ധർണയിൽ പങ്കെടുത്ത അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുസംബന്ധിച്ച് ബംഗാൾ സർക്കാരിന് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ.
ധര്‍ണയില്‍ പങ്കെടുത്ത കമ്മിഷണർ രാജീവ് കുമാർ, പശ്ചിമ ബംഗാൾ ഡി.ജി.പി വിരേന്ദ്ര, എ.ഡി.ജി.പിമാരായ വിനീത് കുമാർ വിത്തൽ, അനുജ് ശർമ്മ, ബിന്ദൻ നഗർ കമ്മിഷണർ ഗ്യാൻവാന്ത് സിംഗ് എന്നിവർക്കെതിരെ നടപടിയെടുക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. പൊലീസ് ഉദ്യോഗസ്ഥർ ധർണയിൽ പങ്കെടുത്തത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരുടെ സർവീസ് മെഡലുകൾ തിരിച്ചെടുക്കാനും കേന്ദ്രസർവീസിൽ നിന്ന് ഇവരെ ഒഴിവാക്കാനും സാദ്ധ്യതയുണ്ട്.
കൊൽക്കത്ത കമ്മിഷണർ രാജീവ്കുമാറിനെ ശാരദ ചിട്ടിതട്ടിപ്പ് കേസിൽ സി.ബി.ഐ ചോദ്യം ചെയ്യാൻ എത്തിയതോടെയാണ് ബംഗാൾ സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കം. കമ്മിഷണറെ ചോദ്യംചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഇതിനുപിന്നാലെ ബംഗാൾ മുഖ്യമന്ത്രി കേന്ദ്രസർക്കാരിനെതിരേ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. തുടർന്ന് കേന്ദ്രത്തിനെതിരെ മമത ബാനർജി കൊൽക്കത്തയിൽ ധർണയും ആരംഭിച്ചു. സുപ്രീംകോടതി വിധി വന്നതിനുശേഷമാണ് മമത ധർണ അവസാനിപ്പിച്ചത്