കൊച്ചി: ഭവന, വാഹന, വ്യക്തിഗത വായ്‌പകൾ എടുത്തവർക്കും പുതുതായി വായ്‌പ തേടുന്നവർക്കും ആശ്വാസമേകുന്നതാണ് റിപ്പോനിരക്ക് കാൽ ശതമാനം കുറച്ച റിസർവ് ബാങ്കിന്റെ തീരുമാനം. ഇതിന്റെ ചുവടുപിടിച്ച് വാണിജ്യ ബാങ്കുകൾ വൈകാതെ വായ്‌പാ പലിശനിരക്കുകൾ കുറയ്‌ക്കും. മുഖ്യപലിശ നിരക്ക് നിർണയത്തിന് പ്രധാന മാനദണ്ഡമാക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം ഡിസംബറിൽ 18 മാസത്തെ താഴ്‌ചയിൽ എത്തിയത് പരിഗണിച്ചാണ് റിസർവ് ബാങ്ക് റിപ്പോ കുറച്ചത്.
റിപ്പോ നിരക്ക് നാല് ശതമാനത്തിന് താഴെ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യം. നടപ്പുവർഷം ജനുവരി-മാർച്ചിൽ 2.8 ശതമാനവും അടുത്ത സാമ്പത്തിക വർഷത്തെ ഏപ്രിൽ-സെപ്‌തംബറിൽ 3.2-3.4 ശതമാനവും ഒക്‌ടോബർ-ഡിസംബറിൽ 3.9 ശതമാനവും ആയിരിക്കും നാണയപ്പെരുപ്പമെന്ന് ഇന്നലെ ധനനയ നിർണയ സമിതി യോഗം വിലയിരുത്തിയിട്ടുണ്ട്. അതായത്, 2019ൽ പലിശനിരക്കുകൾ ഇനിയും താഴാനുള്ള സാദ്ധ്യത ഏറെയാണ്.
വായ്‌പ മാറ്രാം
എം.സി.എൽ.ആറിലേക്ക്
ഏതെല്ലാം വായ്‌പാ ഇടപാടുകാർക്കാണ് പലിശയിളവിന്റെ നേട്ടം ലഭിക്കുക? നിലവിൽ മാർജിനൽ കോസ്‌റ്ര് ഒഫ് ഫണ്ട്‌സ് ബേസ്‌ഡ് ലെൻഡിംഗ് റേറ്ര് (എം.സി.എൽ.ആർ), ബേസ് റേറ്ര് (ബി.പി.എൽ.ആർ) എന്നീ മാനദണ്ഡങ്ങൾ പ്രകാരമാണ് വാണിജ്യ ബാങ്കുകൾ പലിശനിരക്ക് നിശ്‌ചയിക്കുന്നത്. എം.സി.എൽ.ആർ പുതിയതും ബി.പി.എൽ.ആർ പഴയതുമായ മാനദണ്ഡമാണ്.
ബി.പി.എൽ.ആറിനേക്കാൾ കുറഞ്ഞ പലിശ ബാദ്ധ്യതയാണ് എം.സി.എൽ.ആർ പ്രകാരം ലഭ്യമായ വായ്‌പകൾക്കുള്ളത്. റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് 8.15 മുതൽ 8.55 ശതമാനം വരെയാണ് എം.സി.എൽ.ആർ നിരക്ക്. ബി.പി.എൽ.ആർ നിരക്ക് 8.95-9.45 ശതമാനമാണ്. ബി.പി.എൽ.ആർ പ്രകാരം ഇപ്പോഴും വായ്‌പ തിരിച്ചടയ്ക്കുന്നവർ ആ വായ്‌പ എം.സി.എൽ.ആറിലേക്ക് മാറ്രിയാൽ പലിശയിനത്തിൽ മികച്ച കുറവ് നേടാനാകും. നിലവിൽ എം.സി.എൽ.ആർ പ്രകാരം വായ്‌പ എടുത്തവർക്ക്, ബാങ്ക് ആ നിരക്ക് പരിഷ്‌കരിക്കുന്നത് മുതൽ പുതിയ പലിശയിളവിന്റെ നേട്ടം ലഭിക്കും. പുതുതായി വായ്‌പ തേടുന്നവർ ബാങ്ക് എം.സി.എൽ.ആർ കുറച്ചതിന് ശേഷം വായ്‌പാ അപേക്ഷ നൽകുന്നതാണ് നല്ലത്.
ഇന്ത്യ വളരും
7.4%
ഇന്ത്യ 2019-20ൽ 7.4 ശതമാനം ജി.ഡി.പി വളർച്ച നേടുമെന്ന് റിസർവ് ബാങ്ക് വിലയിരുത്തി. നടപ്പുവർഷം പ്രതീക്ഷിക്കുന്നത് 7.2-7.3 ശതമാനം വളർച്ചയാണ്. 2019-20ന്റെ ആദ്യ പകുതിയിൽ പ്രതീക്ഷിക്കുന്ന വളർച്ച 7.5 ശതമാനമാണ്. വായ്‌പാ വിതരണ വളർച്ച, വാണിജ്യ മേഖലയിലേക്കുള്ള പണമൊഴുക്ക്, കേന്ദ്ര ബഡ്‌ജറ്രിന്റെ പിൻബലത്തിൽ പ്രതീക്ഷിക്കുന്ന ഉപഭോഗ വളർച്ച എന്നിവയും ക്രൂഡോയിൽ വിലക്കുറവുമാണ് ഇന്ത്യയ്ക്ക് നേട്ടമാകുക.
എം.പി.സിയിൽ
വോട്ട് 4-2
രണ്ടിനെതിരെ നാല് വോട്ടുകൾക്കാണ് ഇന്നലെ ആറംഗ എം.പി.സി യോഗത്തിൽ പലിശ കുറയ്‌ക്കാനുള്ള തീരുമാനം പാസായത്. റിസർവ് ബാങ്ക് ഗവർണർ സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള തന്റെ ആദ്യ യോഗത്തിൽ ശക്തികാന്ത ദാസിന്റെ കന്നിവോട്ട് പലിശയിളവിന് വേണ്ടിയായിരുന്നു. റിസർവ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ മൈക്കൽ പാത്ര, സ്വതന്ത്ര അംഗങ്ങളായ ഡോ. രവീന്ദ്ര ധൊലാക്കിയ, ഡോ. പാമി ദുവ എന്നിവരും അനുകൂലിച്ച് വോട്ട് ചെയ്‌തു. ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ, സ്വതന്ത്ര അംഗ ഛേതൻ ഖാട്ടെ എന്നിവർ എതിർത്തു.
കേന്ദ്രത്തിന്
₹28,000 കോടി നൽകും
റിസർവ് ബാങ്ക് ഇടക്കാല ലാഭവിഹിതമായി കേന്ദ്രസർക്കാരിന് നടപ്പുവർഷം 28,000 കോടി രൂപ നൽകിയേക്കും. ഇതു സംബന്ധിച്ച തീരുമാനം 18ന് ചേരുന്ന ഡയറക്‌ടർ ബോർഡിലുണ്ടാകും. ലാഭവിഹിതമായി നൽകുന്ന 40,000 കോടി രൂപയ്‌ക്ക് പുറമേയായിരിക്കും ഇത്. കഴിഞ്ഞവർഷം സർക്കാരിന് 50,000 കോടി രൂപ നൽകിയതിൽ 10,000 കോടി രൂപയായിരുന്നു ഇടക്കാല ലാഭവിഹിതം.
കർഷകർക്ക് നേട്ടം
കർഷകർക്ക് നൽകുന്ന ഈട് - രഹിത വായ്‌പയുടെ പരിധി റിസർവ് ബാങ്ക് ഒരുലക്ഷം രൂപയിൽ നിന്ന് 1.6 ലക്ഷം രൂപയായി ഉയർത്തി. ഇടത്തരം കർഷകർക്ക് പ്രതിവർഷം 6,000 രൂപ നൽകാൻ കേന്ദ്ര ബഡ്‌ജറ്റിലും തീരുമാനമുണ്ടായിരുന്നു.
''പലിശനിരക്ക് കുറച്ച റിസർവ് ബാങ്കിന്റെ തീരുമാനം വാണിജ്യ-വ്യവസായ മേഖലയിലേക്ക് കൂടുതൽ പണമൊഴുകാൻ സഹായകമാകും. ഇത് സാമ്പത്തിക വളർച്ച ഉയർത്തും. തൊഴിലവസരങ്ങളും ഉയരും. പുതുതായി വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും ആശ്വാസകരമായ നടപടിയാണിത് "
പീയുഷ് ഗോയൽ,
കേന്ദ്ര ധനമന്ത്രി