kunal-ghosh-

ന്യൂഡൽഹി : ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലീസ് കമ്മിഷണറുടെ ഓഫീസ് പരിശോധനയ്ക്കൊരുങ്ങിയതിന് പിന്നാലെ തൃണമൂൽ എം.പിയെയും കുരുക്കാൻ ഒരുങ്ങി സി.ബി.ഐ. തൃണമൂൽ കോൺഗ്രസ് എം.പി കുനാൽ ഘോഷിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.ബി.ഐ നോട്ടീസ് അയച്ചത്.

ഈ മാസം 10ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഷില്ലോംഗിലാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നതും ഷില്ലോംഗിൽ വച്ചാണ്.

ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ കൊൽക്കത്തയിൽ പൊലീസ് സംഘം തടഞ്ഞിരുന്നു. ഇത് കേന്ദ്രവും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിനും ഇടയാക്കിയിരുന്നു.

ബംഗാൾ സർക്കാരിനെതിരെ സുപ്രീംകോടതിയിലെത്തിയ സി.ബി.ഐ, രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുളള അനുമതി വാങ്ങി. ചിട്ടി തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണം തുടരാം എന്ന് വ്യക്തമാക്കിയ കോടതി പക്ഷേ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിട്ടുണ്ട്. കേസ് ഈ മാസം ഇരുപതിന് വീണ്ടും പരിഗണിക്കും. ഇതിനിടെയിലാണ് തൃണമൂൽ എം.പിക്കും സി.ബി.ഐ നോട്ടീസ് അയച്ചത്.