ന്യൂഡൽഹി: റാഫേൽ ഇടപാടിനെക്കുറിച്ചും ദേശ സുരക്ഷയെക്കുറിച്ചും പറയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീരുവിനെപ്പോലെ ഓടിയൊളിക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. എ.ഐ.സി.സി ന്യൂനപക്ഷ വിഭാഗത്തിന്റെ ദേശീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹമൊരു ഭീരുവാണ്. സംവാദത്തിൽനിന്ന് ഓടിയൊളിക്കുകയാണ് അദ്ദേഹം. ആരെങ്കിലും എതിരേ നിന്നാൽ മോദി രക്ഷപെട്ടോടും – രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾ ആരുടെയും സ്വന്തമല്ല. അത് രാജ്യത്തിന്റേതാണ്. അവയെ സംരക്ഷിക്കൽ എല്ലാ പാർട്ടികളുടെയും ഉത്തരവാദിത്തമാണ്. ബി.ജെ.പി കരുതുന്നത് അവർ രാജ്യത്തിനെക്കാളും മുകളിലാണെന്നാണ്. എന്നാൽ മൂന്ന് മാസത്തിനുള്ളിൽ രാജ്യം തന്നെയാണ് മുകളിലെന്ന് അവർക്ക് ബോദ്ധ്യമാകുമെന്നും രാരുൽ പറഞ്ഞു.
ദരിദ്രർക്ക് കുറഞ്ഞ വേതനം ഉറപ്പാക്കുമെന്ന വാഗ്ദാനം രാഹുൽ വീണ്ടും ആവർത്തിച്ചു. 15 വ്യവസായ സുഹൃത്തുക്കൾക്ക് 3.5 ലക്ഷം കോടി നൽകാൻ മോദിക്കു സാധിക്കുമെങ്കിൽ കോൺഗ്രസിന് കുറഞ്ഞ വേതനം ഉറപ്പാക്കാം. മിനിമം ഇൻകം പ്രോഗ്രാം വഴി ദരിദ്രരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് നിക്ഷേപിക്കുമെന്നും രാഹുൽ പറഞ്ഞു.