coconut

കൊട്ടാരക്കര: സംസ്ഥാനത്ത് വിൽപ്പനയ്ക്കെത്തുന്ന പല ഭക്ഷ്യ വസ്തുക്കളിൽ വ്യാപകമായി മായം കലർത്തുന്നതായി സമീപകാലത്ത് കണ്ടെത്തിയിരുന്നു. മായം ചേർക്കുന്നത് കണ്ടെത്താനായി ആരംഭിച്ച ഓപ്പറേഷൻ രുചിയിൽ നിരവധി ഭക്ഷണ പതാർത്ഥങ്ങൾ രാസവസ്തുക്കൾ ചേർത്തതായി കണ്ടെത്തിയിരുന്നു. രുചിയും നിറവും കൂട്ടാൻ ‌ശരീരത്തെ ദോഷകരമായ ബാധിക്കുന്ന നിറങ്ങൾ അമിതമായി ചേർക്കുന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്. പഴംപൊരി മഞ്ഞനിറത്തിൽ തിളങ്ങി നിൽക്കുന്നതിന്റെ രഹസ്യവും, ഉപയോഗിച്ച തേയില വീണ്ടും കളർചേർത്ത് ഉപയോഗിക്കുന്ന വിദ്യയുമെല്ലാം ഭക്ഷ്യവകുപ്പിന്റെ ഓപ്പറേഷൻ രുചിയിലൂ‌ടെ പുറത്തായിരുന്നു.

എന്നാൽ ഇപ്പോൾ ഇതാ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന തേങ്ങയിലും മായം ചേർക്കാൻ തുടങ്ങിയിരിക്കുന്നു. തമിഴ് നാട്ടിൽ നിന്നു പച്ചത്തേങ്ങ വൻതോതിൽ എത്തിച്ച് രാസ വസ്തു കലർത്തി 'വിളവു'ള്ള തേങ്ങയാക്കി വിൽക്കുകയാണ് ചെയ്യുന്നത്. തഹസിൽദാരുടെ നേതൃത്വത്തിൽ തേങ്ങ മൊത്ത വിൽപന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ രാസ വസ്തു കലർത്തിയ തേങ്ങ പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് കൊട്ടാരക്കരയിലും കോട്ടാത്തലയിലും ഉടമകൾക്കെതിരെ കേസെടുത്തു.

തമിഴ്നാട്ടിൽ നിന്നും ദിവസേന ലോഡ് കണക്കിന് പൊതിച്ച നാളികേരം സംഭരണ കേന്ദ്രങ്ങളിൽ എത്തിച്ച് സൾഫർ (ഗന്ധകം) വിതറി ടാർപോളിൻ മൂടി പുകയ്ക്കും. ഇതോടെ വിളയാത്ത പച്ചത്തേങ്ങ മണിക്കൂറുകൾക്കുള്ളിൽ വിളവുള്ള തേങ്ങയായി മാറും. ഇതു ഗുരുതര രോഗങ്ങൾക്ക് കാരണമാകുമെന്ന് ഫുഡ് സേഫ്റ്റി അധികൃതർ അറിയിച്ചു.