bamboo-stick-

മുംബയ് : അപടമുണ്ടാക്കിയ സ്കൂൾ ബസിൽ പരിശോധന നടത്തിയ പൊലീസ് കണ്ടെത്തിയത് ഗിയർ ലിവറിന് പകരം മുളവടി ഉപയോഗിക്കുന്ന ഡ്രൈവറെ. ബുധനാഴ്ച മുംബയിലാണ് സംഭവം. പൊഡ്ഡാർ അന്താരാഷ്ട്ര സ്കൂളിലേക്കുള്ള കുട്ടികളുമായ പോയ ബസ് എതിരെ വന്ന കാറുമായി ഇടിച്ചായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ സ്കൂൾ ബസ് ഡ്രൈവർ രാജ്കുമാരിനെ (22)​ പൊലീസ് അറസ്റ്റുചെയ്തു.

ഒരു വ്യവസായിയുടെ കാറിലായിരുന്നു സ്കൂൾ ബസിടിച്ചത്. അപകടത്തെതുടർന്ന് വ്യവസായിയും ബസ് ഡ്രൈവറുമായി തർക്കമുണ്ടായി. പൊലീസ് എത്തിയപ്പോൾ സ്റ്റിയറിംഗ് വീലിന് പറ്റിയ തകരാണ് അപകടത്തിനിടയാക്കിയതെന്ന് രാജ്കുമാർ പറഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഗിയറിന്റെ സ്ഥാനത്ത് മുളവടി കണ്ടെത്തിയത്.

ദിവസങ്ങൾക്ക് മുമ്പ് ബസിലെ ഗിയർ ലിവർ പൊട്ടിയതായും അതിനാൽ മുളവടിയാണ് ഗിയർ ലിവറിന് പകരം ഉപയോഗിക്കുന്നതെന്നുമാണ് ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കുട്ടികളെ മറ്റൊരു വാഹനത്തിൽ പൊലീസ് സ്കൂളിലെത്തിച്ചു. രാജ്കുമാറിനെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം ജാമ്യം അനുവദിച്ചു.