kanthapuram

കോഴിക്കോട്: ഇന്ത്യയുടെ ബഹുസ്വരതയും സഹിഷ്ണുതയും നിലനിറുത്തുക, പാർശ്വവത്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങൾക്ക് നിറം പകരുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിറുത്തി എസ്.എസ്.എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ഹിന്ദ്‌സഫറിന് കോഴിക്കോട് സമാപനമായി.

ഫെബ്രുവരി 12ന് ജമ്മുകശ്മീരിലെ ഹസ്‌റത് ബാൽ മസ്ജിദ് പരിസരത്തു നിന്ന് തുടങ്ങിയ യാത്രയാണ് ഇന്നലെ കോഴിക്കോട് സമാപിച്ചത്. വൈകീട്ട് 4 മണിക്ക് കോഴിക്കോട് നഗരത്തിലെത്തിലെത്തിയ ഹിന്ദ് സഫറിന് കോഴിക്കോട് നഗരത്തിൽ സ്വീകരണം നൽകി.
സമാപന സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബകർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.ഭരണഘടന മൂല്യം സംരക്ഷിക്കാനും ജനാധിപത്യക്രമങ്ങളെ ശക്തിപ്പെടുത്താനും മതേതര കക്ഷികളെ അധികാരത്തിലേറ്റണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. നൂറ്റിമുപ്പത് കോടി ജനങ്ങൾ അധിവസിക്കുന്ന ഒരു രാജ്യത്ത് കോർപ്പറേറ്റുകളെ മാത്രം അഭിസംബോധന ചെയ്തു കൊണ്ടുള്ള ഭരണ നിർവ്വഹണം അസാദ്ധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സമസ്ത ഉപാദ്ധ്യക്ഷൻ സയ്യിദ് അലി ബാഖഫി തങ്ങൾ പ്രാർഥന നടത്തി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി. ജാഥാ നായകനും എസ്.എസ്.എഫ് ദേശീയ പ്രസിഡന്റുമായ ശൗകത്ത് നഈമി, ജനറൽ സെക്രട്ടറി അബൂബകർ സിദ്ദീഖ് എന്നിവർ സംസാരിച്ചു. 23,24 തിയ്യതികളിൽ രാംലീല മൈതാനിയിൽ ദേശീയ സമ്മേളനം നടക്കും.