തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നടൻ മോഹൻലാലിനെ മത്സരിപ്പിക്കുന്നതിനെ കുറിച്ച് ബി.ജെ.പി ഔദ്യോഗികമായി ചർച്ച ചെയ്തിട്ടില്ലെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. മോഹൻലാലുമായി ഹൈദരാബാദിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നെന്നും എന്നാൽ രാഷ്ട്രീയകാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
അതേസമയം, ബി.ജെ.പിയുടെ ഉന്നത നേതാക്കൾ അടക്കം ഇടപെട്ടിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമ്മതം മൂളാതിരുന്ന നടൻ മോഹൻലാലിനെ ഗോദയിലിറക്കാൻ ആർ.എസ്.എസിന്റെ പുതിയ തന്ത്രമൊരുക്കുന്നെന്ന റിപ്പോർട്ടുണ്ട്. ജനകീയ മുന്നണിയെന്ന പേരിൽ ലാലിനെ മത്സരിപ്പിക്കാനാണ് ആലോചന. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പ്രമുഖരെ ഉൾപ്പെടുത്തി ജനകീയ മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങൾ ആർ.എസ്.എസ് തുടങ്ങിയതായാണ് റിപ്പോർട്ട്. ഈ മുന്നണിയിൽ ബി.ജെ.പിയുടെ നേതാക്കന്മാർ ആരും ഉൾപ്പെട്ടേക്കില്ലെന്നും വിവരമുണ്ട്.
എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു പല തവണ പറഞ്ഞതാണെന്നും ഇക്കാര്യം വീണ്ടും വീണ്ടും ആവർത്തിക്കേണ്ടിവരുന്നതിൽ വേദനയുണ്ടെന്നും നടൻ മോഹൻലാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്ക് വ്യക്തമായ രാഷ്ട്രീയാഭിപ്രായമുണ്ടെന്നും അത് പൊതുവേദിയിൽ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും മോഹൻലാൽ
പറഞ്ഞിരുന്നു.