കോഴിക്കോട്: ഭക്തജനങ്ങൾ കാണിക്കയർപ്പിച്ച കാശു തന്നെ വിശ്വാസികൾക്ക് എതിരായ നിയമനടപടികൾക്ക് വിനിയോഗിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പിരിച്ചുവിടണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ. നാരായണൻകുട്ടി ആവശ്യപ്പെട്ടു.
സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് സ്വീകരിച്ച നിലപാട് വഞ്ചനാപരമാണ്. ക്ഷേത്രാചാരങ്ങൾ പരിപാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ദേവസ്വം ഭരണസമിതി തന്നെ അതിന് വിരുദ്ധമായി പ്രവർത്തിക്കുകയും കോടതിയിൽ വാദഗതികൾ ഉന്നയിക്കുകയും ചെയ്യുന്നത് അധാർമ്മികമാണ്. ഹൈന്ദവവിശ്വാസത്തെയും ക്ഷേത്രാചാരങ്ങളെയും തകർക്കുക എന്ന ലക്ഷ്യം മുൻനിറുത്തി പ്രവർത്തിക്കുന്ന ഇടതുസർക്കാറിന്റെ കയ്യിലെ പാവയായ ദേവസ്വം ബോർഡിൽ ക്ഷേത്രങ്ങൾ സുരക്ഷിതമല്ല. ഭക്തജനങ്ങളുടെ സമർപ്പണത്തിലൂടെ നിലനിൽക്കുന്ന ക്ഷേത്രങ്ങളെ പരിപാലിച്ചു സംരക്ഷിക്കാൻ ഭക്തജനങ്ങൾ തന്നെ ഒറ്റക്കെട്ടായിമുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രതിഷ്ഠാസങ്കൽപങ്ങളെയും അവയെ സംബന്ധിച്ച് ആധികാരികമായി അഭിപ്രായം പറയാൻ ചുമതലപ്പെട്ട തന്ത്രിമാരെയും ആചാര്യന്മാരെയും മാനിക്കാതെയുള്ള ക്ഷേത്രഭരണം ക്ഷേത്രങ്ങളെ തകർച്ചയിലേക്കാണ് നയിക്കുക. സർക്കാരും ദേവസ്വം ബോർഡും ക്ഷേത്രം വിടുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി എട്ടിന് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധദിനം വിജയിപ്പിക്കാൻ മുഴുവൻ സമിതി പ്രവർത്തകരും സഹകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.