തിരുവനന്തപുരം: കാസർകോട് പാക്കേജിന്റെ നിർവഹണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ജില്ലാഭരണകൂടം പദ്ധതികൾ തയാറാക്കുന്ന വേളയിൽ ജനപ്രതിനിധികൾക്ക് നിർദ്ദേശങ്ങൾ അറിയിക്കാം. പദ്ധതികളുടെ നിർവഹണം വേഗത്തിലാക്കാനും മേൽനോട്ടത്തിനുമായി ഒരു സ്പെഷ്യൽ ഓഫീസർ തസ്തിക സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും എൻ.എ. നെല്ലിക്കുന്നിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
കാസർകോട് ജില്ലയുടെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വിശദമായ പഠനങ്ങൾക്ക് ശേഷമാണ് പ്രഭാകരൻ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.
2013-14 മുതൽ 2017-18 വരെ 279 പദ്ധതികൾക്കായി 438.05 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. 2018-19ൽ ഭരണാനുമതിക്കായി സമർപ്പിച്ച 88 പദ്ധതികൾ സർക്കാർ പരിശോധിച്ചുവരികയാണ്. അവയിൽ അനുയോജ്യമായവയ്ക്ക് ഉടൻ ഭരണാനുമതി നൽകും.
കാസർകോട് പാക്കേജ് നടപ്പിലാക്കുന്നത് സംബന്ധിച്ച് വിശദമായ മാർഗരേഖ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു പ്രകാരം ആസ്തിവികസന പദ്ധതികൾക്കാണ് മുൻഗണന നൽകേണ്ടത്. പ്രഭാകരൻ കമ്മിഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുള്ള പദ്ധതികൾക്ക് മുൻഗണന നൽകാതെ, മറ്റ് പദ്ധതികൾ ഉൾപ്പെടുത്തി സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കുന്ന പ്രവണതയുണ്ട്. ഇതിൽ ഒട്ടുമിക്ക പദ്ധതികളും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കോ അല്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളുടെ പദ്ധതികളായോ ബഡ്ജറ്റിൽ ഉൾപ്പെടുത്തി നടപ്പിലാക്കാവുന്നതാണ്. പ്രഭാകരൻ കമ്മിഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുള്ള പദ്ധതികൾ സമർപ്പിച്ചാൽ അനുമതി നിഷേധിക്കാറില്ല. കമ്മിഷൻ റിപ്പോർട്ട് ഒരു പ്രത്യേക പാക്കേജ് ആയതിനാൽ ഇതിൽ ഉൾപ്പെടാത്ത പദ്ധതികൾക്ക് ഭരണാനുമതി നൽകാൻ നിർവാഹമില്ലെന്നും മുഖ്യമന്ത്രിഅറിയിച്ചു.
വനിതാ മതിൽ
നഷ്ടമുണ്ടാക്കിയിട്ടില്ല
വനിതാ മതിൽ സർക്കാരിനോ പൊതുജനങ്ങൾക്കോ ഒരു നഷ്ടവുമുണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഖജനാവിൽ നിന്ന് വനിതാ മതിലിന് തുകയൊന്നും ചെലവിട്ടിട്ടില്ല. നവോത്ഥാനമൂല്യങ്ങൾ തകർക്കാൻ ചില സംഘടനകൾ ആസൂത്രിത നീക്കം നടത്തിയപ്പോൾ നവോത്ഥാന പാരമ്പര്യമുള്ള സംഘടനകൾ അതിനെതിരെ മുന്നോട്ട് വരികയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.