തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി വരുമാന വളർച്ച 10-12 ശതമാനം കുറഞ്ഞെെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. നികുതി പിരിവ് ശക്തമാക്കിയും ധൂർത്തും അനാവശ്യ ചെലവുകളും ഒഴിവാക്കിയും സാമ്പത്തിക അച്ചടക്കം പാലിക്കുകയാണ്. കടം വാങ്ങുന്നതിന്റെ 33 ശതമാനമേ ദൈനംദിന ചെലവുകൾക്ക് വിനിയോഗിക്കൂ. കിഫ്ബിയിലൂടെയുള്ള 10,000 കോടിയുടെ നിർമ്മാണ പ്രവർത്തനം ഈ വർഷവും 20,000 കോടിയുടേത് അടുത്ത വർഷവും പൂർത്തിയാക്കും.
സഹകരണ മേഖലയിൽ യൂബർ മാതൃകയിൽ ടാക്സി സർവീസ് ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കായുള്ള കെയർ ഹോം വീടുകളുടെ ഒന്നാംഘട്ടം ഏപ്രിലിൽ പൂർത്തിയാകും. 1000 വീടുകളിൽ 250 എണ്ണമാണ് പൂർത്തിയാകുന്നത്. അടുത്ത ഘട്ടത്തിൽ 2000 വീട് നിർമ്മിക്കും. വട്ടിപ്പലിശക്കാരിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കാൻ പാലക്കാട്ടാരംഭിച്ച 'മുറ്റത്തെ മുല്ല" മൈക്രോഫിനാൻസ് പദ്ധതി അടുത്ത സാമ്പത്തികവർഷം സംസ്ഥാത്താകെ വ്യാപിപ്പിക്കും. 2015-18 കാലയളവിൽ സംസ്ഥാനത്ത് 187 കുട്ടികളെ ഉപേക്ഷിച്ച നിലയിൽ ലഭിച്ചെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അമ്മത്തൊട്ടിലിൽ നിന്ന് 77 കുട്ടികളെയും ലഭിച്ചു. 367 കുട്ടികളെ ദമ്പതികൾ ദത്തെടുത്തു. 1197 ദമ്പതികൾ ദത്തെടുക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്.
പ്രളയത്തിൽ 12160 വ്യാപാരികൾക്ക്
നഷ്ടം സംഭവിച്ചു
പ്രളയത്തിൽ 12160 വ്യാപാരികൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. ഇതിൽ ക്ഷേമനിധി അംഗങ്ങളായ 1130 പേർക്ക് നഷ്ടപരിഹാരം നൽകും. മറ്റുള്ളവർക്കും നഷ്ടപരിഹാരം നൽകാൻ 20 കോടി അനുവദിച്ചു. മാർച്ച് 31നകം വ്യാപാരികളെടുക്കുന്ന വായ്പകളുടെ പലിശ ഒരു വർഷത്തേക്ക് സർക്കാർ വഹിക്കുമെന്നും ഐസക് പറഞ്ഞു.