തിരുവനന്തപുരം:ആറളം ഫാമുമായി ബന്ധപ്പെട്ട് ഇന്റർനാഷണൽ യോഗസെന്റർ അക്കാഡമി സ്ഥാപിക്കുമെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്.
നിയമസഭയിൽ വോട്ട് ഒാൺ അക്കൗണ്ടുമായി ബന്ധപ്പെട്ട ചർച്ചകൾക്കുള്ള മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.ഡി.പി.ആർ വന്നുകഴിഞ്ഞാൽ ബാക്കി കാര്യങ്ങൾ നടപ്പാക്കും. ഇലക്ഷൻ പ്രഖ്യാപിക്കാനിരിക്കുന്നത് മൂലം പൂർണബഡ്ജറ്റ് പാസാക്കാനായില്ലെങ്കിലും ഏപ്രിൽ മാസത്തിൽ തന്നെ ബഡ്ജറ്റിൽ പറഞ്ഞ കാര്യങ്ങൾ തുടങ്ങുന്നതിനാണ് വോട്ട് ഒാൺ അക്കൗണ്ട് കൊണ്ടുവന്നത്. സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും പദ്ധതികളെല്ലാം ഇടുക്കിയിൽ നടപ്പാക്കുമ്പോൾ അതെല്ലാം ഏകീകരിച്ച് ഇൗ വർഷം തുടക്കം തന്നെ പാക്കേജ് നടപ്പാക്കാൻ തുടങ്ങും. ഇതിന് ആയിരം കോടി രൂപ അടുത്ത മൂന്ന് വർഷം കൊണ്ട് നടപ്പാക്കും. സംസ്ഥാനത്തിന്റെ കടബാദ്ധ്യത ജി.ഡി.പിയുടെ 30 ശതമാനം വരെയാകാമെന്ന് പതിന്നാലാംധനകാര്യകമ്മിഷൻ പറയുന്നുണ്ട്. ജി.ഡി.പിയുടെ 15 ശതമാനംവരെ പലിശ ചെലവും നടത്താം. കേരളത്തിൽ ഇത് 12 ശതമാനമാണ്. കടബാദ്ധ്യത 28 ശതമാനവും.
കിഫ്ബി റോഡ് പദ്ധതികളിൽ നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാനാവില്ല. കിഫ്ബി യിൽ ചെയ്യാൻ കഴിയാത്ത പദ്ധതികൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തി ചെയ്യാം.
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നേകാൽ ലക്ഷത്തോളം വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. ആദ്യഗഡു വിതരണം ചെയ്തു. രണ്ടാം ഗഡു 325 കോടി കൈമാറി. മുന്നാം ഗഡു ഉടൻ കൈമാറും.
പവർകട്ട് ഒഴിവാക്കും
വേനൽകാലത്ത് പവർകട്ട് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എം.എം. മണി നിയമസഭയിൽ അറിയിച്ചു. കേന്ദ്രനിലയങ്ങളിൽനിന്ന് യൂണിറ്റിന് 4.03 രൂപയ്ക്കും സ്വകാര്യ ഉത്പാദകരിൽനിന്ന് യൂണിറ്റിന് 4.36 രൂപയ്ക്ക് ദീർഘകാല കരാർ അടിസ്ഥാനത്തിലും വൈദ്യുതി എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
ജലപദ്ധതികൾ
പൂർത്തിയാക്കാൻ വേണ്ടത് 3000 കോടി
ടാങ്കും ജലശുദ്ധീകരണ പ്ലാന്റുകളും നിർമ്മിച്ചെങ്കിലും വിതരണം നടത്താനാവാതെ കിടക്കുന്ന പ്ലാന്റുകൾ പൂർത്തിയാക്കാൻ 3000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. കെ.എസ്. ശബരീനാഥന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.