varma-

തെലുങ്കിലെ സൂപ്പർ‌ ഹിറ്റ് ചിത്രം അർജുൻ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ദേശീയ അവാർഡ് ജേതാവ് ബാല സംവിധാനം ചെയ്യുന്ന വർമ. സൂപ്പർതാരം ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രത്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു വർമ. തെലുങ്കിൽ വിജയ് ദേവരകൊണ്ടയും ശാലിന പാണ്ഡെയും തകർത്തഭിനയിച്ച ചിത്രത്തിന്റെ റിലീസിന് ദിവസങ്ങൾ ബാക്കി നിൽക്കെ സംവിധായകനെ മാറ്റി ചിത്രം റീഷൂട്ട് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് നിർമ്മാതക്കളായ ഇ ഫോർ എന്റർടെയിൻമെന്റ്.

പ്രിവ്യൂ കണ്ട നിർമാതാക്കൾക്ക്​ ചിത്രം ബോധിച്ചില്ലെന്നും അതിനാൽ പൂർണമായും റീഷൂട്ട്​ ചെയ്യാനാണ്​ തീരുമാനമെന്നും നിർമ്മാതാക്കൾ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.

നായകനെ നിലനിറുത്തി സംവിധായകനെയും ചില അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും മാറ്റി പൂർണമായും റീഷൂട്ട്​ ചെയ്യാൻ തീരുമാനിച്ചെന്നും തെലുങ്കു പതിപ്പി​​​ന്റെ തനിമ ചോരാതെ തമിഴിൽ ചിത്രം മികവോടെ അവതരിപ്പിക്കുമെന്നും നിർമാതാക്കൾ അറിയിച്ചു. ​

ധ്രുവ് തന്നെയാവും നായകൻ എന്ന് പറയുന്നുണ്ടെങ്കിലും സംവിധായകനും മറ്റു താരങ്ങളും ആരെന്നുള്ള വിവരം വഴിയേ അറിയിക്കാമെന്നാണ്​ പറയുന്നത്​​. വർമ്മയുടെ പോസ്റ്ററും ട്രെയിലറും പാട്ടുകളും വൻഹിറ്റായിരുന്നു. ബാല മാറുമ്പോൾ ഏതു സംവിധായകനാണ് പുതുതായി എത്തുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.