niya-

കണ്ണൂർ : സോഷ്യൽ മീഡിയയിലും വാർത്തകളിലും കേരളം കേട്ട നിയമോളുടെ സങ്കടത്തിന് പരിഹാരമായില്ല. അച്ഛന്റെയും അമ്മയുടെയും ശബ്ദം കേൾക്കാൻ കഴിയാതെ ഒന്നുമറിയാതെ അവൾ വിമ്മിവിമ്മിക്കരയുമ്പോൾ വാക്കുകൾ കൊണ്ട് എങ്ങനെ ആശ്വസിപ്പിക്കാൻ കഴിയും.

മൂന്നുമാസം മുൻപാണ് കണ്ണൂർ പെരളശ്ശേരിയിലെ രാജേഷിന്റെ ജന്മനാ കേൾവി ശക്തിയില്ലാത്ത രണ്ടുവയസുകാരിയായ മകൾ നിയശ്രീക്ക് കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തിയത്.

കേൾവിശക്തി തിരിച്ച് കിട്ടിയതോടെ പതിയെ പതിയെ അവൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നുവെന്ന് രാജേഷ് പറയുന്നു.

സർജറിക്ക് ശേഷം തുടർചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് ശ്രവണ സഹായ ഉപകരണം ഉപകരണങ്ങളടങ്ങിയ ബാഗ് ട്രെയിനിൽ വച്ച് നഷ്ടപ്പെട്ടത്. ട്രെയിനിൽ നല്ല തിരക്കായതിനാല്‍ ഉപകരങ്ങളടങ്ങിയ ബാഗ് അവർകയറിയ ലേഡീസ് കമ്പാർട്ട്മെന്റിലെ സൈഡിൽ തൂക്കിയിടുകയായിരുന്നു. വീണു പോകാതിരിക്കാൻ ഊരി ബാഗിൽ വെച്ച ഉപകരണം ചെറിയ പെട്ടി സഹിതമാണ് പോയത്.

എട്ട് ലക്ഷത്തോളം രൂപ ചെലവു വരുന്ന കോക്ലിയർ ഇംപ്ലാന്റേഷൻ സർജറി സർക്കാർവഴി സൗജന്യമായി ലഭിക്കുകയായിരുന്നു. ഇപ്പോൾ ഒന്നും കേൾക്കാനാവാതെ അവൾ നിലത്തുകിടന്ന് കരയുമ്പോൾ ചങ്ക് പിടയുന്നത് കണ്ടുനിൽക്കുന്നവരുടെയാണ്. ആരുടെയെങ്കിലും കൈയ്യിൽ ആ ബാഗ് കിട്ടിയിട്ടുണ്ടെങ്കിൽ അത് തിരികെ തരണം. എന്റെ മകളുടെ ജീവിതമാണ്. നിറകണ്ണുകളോടെ രാജേഷ് പറയുന്നു. പുതിയ ഒരെണ്ണം വാങ്ങണമെങ്കിൽ അഞ്ചുലക്ഷത്തോളം രൂപ വേണം. ആ തുക കണ്ടെത്താൻ ഇൗ അച്ഛന് ഇന്ന് മറ്റ് മാർഗങ്ങളൊന്നുമില്ല.

വാർത്ത അറിഞ്ഞ് ഒരുപാട് പേർ വിളിച്ചു. ഇന്ന് ഉമ്മൻ ചാണ്ടി സാറും വിളിച്ചിരുന്നു. പക്ഷേ നഷ്ടപ്പെട്ടുപോയ ആ ബാഗ് മാത്രം തിരിച്ചുതരാൻ വേണ്ടി ആരും വിളിച്ചില്ലെന്ന് രാജേഷ് പറഞ്ഞു.