കൊൽക്കത്ത: വ്യവസായ ഭീമൻമാരായ റിലയൻസ് ഇൻഡ്സ്ട്രീസ് പശ്ചിമ ബംഗാളിൽ 10000 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസിന്റെ പുതിയ സംരംഭമായ ഓൺലൈൻ വ്യാപാര കമ്പനിയുടെ ഭാഗമായാണ് നിക്ഷേപം. ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഈ നീക്കത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യവും ഉണ്ടെന്നാണ് വിലയിരുത്തലെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
റിലയൻസിന്റെ നിലവിലുള്ള റീട്ടെയിൽ ഷോപ്പുകളുമായി ചെറുകിട കച്ചവടക്കാരെകൂടി ബന്ധിപ്പിക്കുന്ന വൻപദ്ധതിക്കാണ് മുകേഷ് അംബാനി ലക്ഷ്യമിടുന്നത്. ബംഗാളിൽ മാത്രം 500ൽ കൂടുതൽ റീട്ടെയിൽ ഷോപ്പുകൾ റിലയൻസിനുണ്ട്. പുതിയം സരംഭത്തിലൂടെ ഉപഭോക്താക്കൾക്കും വില്പനക്കാർക്കും ഉത്പാദകർക്കും കൂടുതൽ നേട്ടമുണ്ടാകുമെന്നും 30 മില്യൺ ചെറുകിട കച്ചവടക്കാർക്ക് ഇതിന്റെ നേട്ടം ലഭിക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി. വിദേശ കുത്തക കമ്പനികൾക്ക് ഓൺലൈൻ വ്യാപാര രംഗത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽകൂടിയാണ് പുതിയ നീക്കം.
ബംഗാളിൽ റിലയൻസിന്റെ ടെലികോം സേവനങ്ങളും വികസിപ്പിക്കാന്‍ തനിക്ക് പദ്ധതിയുണ്ടെന്ന് വ്യക്തമാക്കിയ മുകേഷ് സിലിക്കൺ വാലിയിലേതിന് സമാനമായ ഡാറ്റാ സെന്റർ സംസ്ഥാനത്ത് തുറക്കുമെന്നും വ്യക്തമാക്കി. കൊൽക്കത്തയിൽ നടന്ന ആഗോള വ്യാപാര ഉച്ചകോടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങൾ.
അതേസമയം, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ പ്രതിപക്ഷ മഹാറാലി സംഘടിപ്പിക്കുകയും കേന്ദ്ര സർക്കാരുമായി തുറന്ന് ഏറ്റുമുട്ടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അംബാനിയുടെ നിക്ഷേപ പ്രഖ്യാപനം. ബി.ജെ.പിയുമായും മോദിയുമായും ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന വ്യവസായികളിൽ ഒരാളായാണ് മുകേഷ് അംബാനി അറിയപ്പെടുന്നത്.