സൂപ്പർതാരം മോഹൻലാലിനെതിരെ കടുത്ത വിമർശവുമായി നടി രഞ്ജിനി രംഗത്ത്. തനിക്കെതിരെ ഉയർന്ന ട്രോളുകൾക്ക് അതേ നാണയത്തിൽ രഞ്ജിനി മറുപടി നൽകിയത് ലാൽ ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ കടുത്ത വിമർശവും നടിക്ക് നേരിടേണ്ടി വന്നു. ഇതിന് പിന്നാലെയാണ് മോഹൻലാലിനെതിരെയുള്ള രഞ്ജിനിയുടെ വിമർശം.
ഇത്തരം ട്രോളുകൾ ഉപയോഗിച്ച് സ്ത്രീകളെ അപമാനിക്കുന്ന പ്രവർത്തികളിൽ നിന്ന് ആരാധകരെ തടയേണ്ടത് മോഹൻലാൽ അടക്കമുള്ള സൂപ്പർതാരങ്ങളുടെ ഉത്തരവാദിത്വമാണെന്ന് രഞ്ജിനി തുറന്നടിച്ചു.
രഞ്ജിനിയുടെ വാക്കുകൾ:
'ലാലേട്ടനെ വ്യക്തപരമായി ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ആ ട്രോൾ തന്നെ അയാളെ വച്ചാണ് വന്നത്. അതുകൊണ്ട് എനിക്ക് അതേപോലെ പ്രതികരിക്കേണ്ടി വന്നു. ഇത് അവസാനിപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. ലാലേട്ടൻ എല്ലാവർക്കും ഇഷ്‌ടപ്പെടുന്ന ഒരു നടനാണ്. നടൻ മാത്രമല്ല എന്റെ സഹതാരവുമാണ്. അദ്ദേഹത്തോട് ഒരുപാട് ബഹുമാനമൊക്കെയുണ്ട്. പദ്‌മഭൂഷണൊക്കെ കിട്ടിയത് നല്ല കാര്യമാണ്. എന്നാലും പുള്ളിക്കാരന് ഒരു ഡ്യൂട്ടിയുണ്ട്. ഒരു ആക്‌ടർ മാത്രമല്ല ലഫ്‌റ്റനന്റ് കേണൽ ആണ് അങ്ങേര്. ലേഡീസിനെ കുറിച്ച് ഇത്തരം ട്രോളുകൾ വരുമ്പോൾ ഒന്നും മിണ്ടാതിരിക്കുന്നത് ശരിയല്ല. ഒരു ഉത്തരവാദിത്വമുണ്ട്. നടൻ എന്നതിലുപരി വളരെ ഉത്തരവാദിത്വമുള്ള ഒരു പൗരനാണ് അദ്ദേഹം. ഇങ്ങനെ സ്ത്രീകളെ തരംതാഴ്‌ത്തിക്കെട്ടുമ്പോൾ വെറുതെ ലെഫ്‌റ്റനന്റ് കേണൽ എന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല'.
ചിത്രം എന്ന സിനിമയിൽ നിന്നും മോഹൻലാലിന്റെയും രഞ്ജിനിയുടെയും ചിത്രങ്ങൾ ചേർത്തുവെച്ച ട്രോൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രഞ്ജിനി രംഗത്തെത്തുകയായിരുന്നു.