padmakumar-kodiyeri

തിരുവനന്തപുരം: സുപ്രീം കോടതിയിലെ ശബരിമലക്കേസ് നടത്തിപ്പിനെ ചൊല്ലി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറും തമ്മിൽ ഭിന്നത മുറുകുന്നു. ഇന്നലെ ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ദേവസ്വം കമ്മിഷണർ എൻ.വാസുവിനെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എ.കെ.ജി സെന്ററിലേക്ക് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. സുപ്രീം കോടതിയിൽ നടന്ന കാര്യങ്ങളെക്കുറിച്ചും ബോർഡിലെ ചില നടപടികളിൽ തനിക്കുള്ള വിയോജിപ്പിനെക്കുറിച്ചുമെല്ലാം കോടിയേരിയെ കമ്മിഷണർ ധരിപ്പിച്ചിട്ടുണ്ട്.

അതേസമയം, ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിലെടുത്ത നിലപാട് തന്നോട് ആലോചിക്കാതെയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്‌മകുമാർ കോടിയേരിയോട് പരാതിപ്പെട്ടതായി വിവരമുണ്ട്.ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെർമാൻ രാജഗോപാലൻ നായരുടെ നേതൃത്വത്തിൽ ദേവസ്വം കമ്മീഷണർ എൻ. വാസുവും അംഗങ്ങളായ ശങ്കർദാസും വിജയകുമാറും ചേർന്ന് തന്നെ ഒറ്റപ്പെടുത്തുന്നുവെന്നാണ്‌ പദ്‌മകുമാർ സി.പി.എം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നതെങ്കിൽ പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് പത്മകുമാർ വ്യക്തമാക്കിയതായാണ് സൂചന. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അടിയന്തരയോഗം രണ്ട് ദിവസത്തിനകം പ്രസിഡന്റ് വിളിച്ചു ചേർത്തേക്കുമെന്നും സൂചനയുണ്ട്.

യുവതീപ്രവേശന വിഷയത്തിൽ തുടക്കം മുതൽ സർക്കാർ നിലപാടിനോട് മുഖം തിരിക്കുകയും അടിക്കടി നിലപാടുകൾ മാറ്റി വിവാദങ്ങൾക്ക് വഴിവയ്‌ക്കുകയും ചെയ്‌തതിൽ പ്രസിഡന്റ് എ. പത്മകുമാറിനോട് മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനും അതൃപ്‌തിയുണ്ട്. കമ്മിഷണറാകട്ടെ സർക്കാർ നിലപാടിനൊപ്പമാണ്. പത്മകുമാറിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവയ്പ്പിക്കാൻ നീക്കമുണ്ടെന്നും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ എം.രാജഗോപാലൻ നായർ പുതിയ പ്രസിഡന്റായേക്കുമെന്നും പ്രചാരണമുണ്ട്. ഇന്നലെ കമ്മിഷണർക്കൊപ്പം കോടിയേരിയെ കാണാൻ രാജഗോപാലൻ നായരും ഉണ്ടായിരുന്നു. പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ദേവസ്വം പ്രസിഡന്റിനെ മാറ്റുന്നത് പ്രതികൂലമാകുമെന്ന ആശങ്കയും പാർട്ടിക്കുള്ളിലുണ്ട്.