തിരുവനന്തപുരം തിരക്കൊഴിഞ്ഞ ഇടവഴികളിൽ വച്ച് പ്രായമായ സ്ത്രീകളുടെ മാലകവരുന്ന വിരുതനെ പൊലീസ് പിടികൂടി. തിരുവനന്തപുരം പൂജപ്പുര ചിത്രാ നഗറിൽ ലക്ഷ്മി വിലാസത്തിൽ സജീവി ( 28 ) നെയാണ് പൊലീസ് പിടികൂടിയത്.
പ്രായമായ സ്ത്രീകളെ നിരീക്ഷിച്ച ശേഷം അവർ ഒറ്റയ്ക്കാവുമ്പോൾ ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തി മേൽവിലാസം ചോദിക്കാനെന്ന രീതിയിൽ സംസാരിച്ച ശേഷം തക്കം നോക്കി മാല പൊട്ടിച്ച് കടക്കുകയാണ് ഇയാളുടെ രീതി. കഴിഞ്ഞ ദിവസം തിരുമലയിൽ വച്ച് പാർവതി എന്ന സ്ത്രീയുടെ ഒന്നര പവൻ തൂക്കം വരുന്ന മാലയാണ് സജീവ് കവർന്നത്.
മാല കവരുന്നതിനിടയിൽ സ്ത്രീയെ റോഡിലേക്ക് ക്രൂരമായി തള്ളിയിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെ കുറിച്ച് തലസ്ഥാനത്തെ പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിക്കുകയും തുടർന്ന് നിരത്തുകളിലെ വീഡിയോയിൽ നിന്നും വാഹനത്തിന്റെ വിവരങ്ങൾ ശേഖരിച്ച പൊലീസ് ഒരു മണിക്കൂറിനകം മാലക്കള്ളനെ പിടികൂടുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇതിന് മുൻപും താൻ ഇത്തരത്തിൽ മാല കവർച്ച നടത്തിയിട്ടുണ്ടെന്നും, സ്വർണം വിറ്റ് ആ പണം പലിശയ്ക്ക് നൽകുകയാണ് രീതിയെന്നും സമ്മതിച്ചിട്ടുണ്ട്.