തിരുവനന്തപുരം: തിരുവിതാംകൂർ പ്രസിഡന്റിന്റേത് ഒരു രാഷ്ട്രീയ നിയമനമാണെന്നും ശബരിമല കേസിൽ പദ്മകുമാറിന്റെ പരസ്യ നിലപാടിലെ അതൃപ്തി അറിയിക്കാനുമാണ് കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതെന്നും ദേവസ്വം ബോർഡ് കമ്മിഷണർ എൻ.വാസു പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് ഒരു പൊളിറ്റിക്കൽ നോമിനിയാണ്. അതുകൊണ്ടു തന്നെയാണ് എ.കെ.ജി സെന്റെറിലെത്തി കോടിയേരിയോട് തന്റെ അതൃപ്‌തി തുറന്ന് പറഞ്ഞതെന്നും എൻ.വാസു വ്യക്തമാക്കി.
ശബരിമല യുവതീ പ്രവേശന വിധിയിൽ പദ്മകുമാർ തന്നോട് വിശദീകരണമോ റിപ്പോർട്ടോ ആവശ്യപ്പെട്ടിട്ടില്ലെന്നും കമ്മിഷണർ ചൂണ്ടിക്കാട്ടി. എന്നാൽ, ബോർഡ് നിയോഗിച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ വിശദീകരണം നൽകേണ്ടത് ഉത്തരവാദിത്തമാണ്. സ്വാഭാവികമായും അത്തരം വിശദീകരണം നൽകുമെന്നും എൻ വാസു പറഞ്ഞു. ഇന്നലെയാണ് ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ദേവസ്വം കമ്മിഷണർ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം, ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിലെടുത്ത നിലപാട് തന്നോട് ആലോചിക്കാതെയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്‌മകുമാർ കോടിയേരിയോട് പരാതിപ്പെട്ടതായി വിവരമുണ്ട്.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെർമാൻ രാജഗോപാലൻ നായരുടെ നേതൃത്വത്തിൽ ദേവസ്വം കമ്മീഷണർ എൻ. വാസുവും അംഗങ്ങളായ ശങ്കർദാസും വിജയകുമാറും ചേർന്ന് തന്നെ ഒറ്റപ്പെടുത്തുന്നുവെന്നാണ് പദ്‌മകുമാർ സി.പി.എം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നതെങ്കിൽ പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് പദ്മകുമാർ വ്യക്തമാക്കിയതായാണ് സൂചന.