kadakampalli-surendran

കോട്ടയം: ദേവസ്വം ബോർഡ് പ്രസിഡന്റിനെ പുറത്താക്കേണ്ട ഒരു സാഹചര്യവുമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. ഇരുവരുമായി താൻ ഇന്നലെ സംസാരിച്ചു. പാർട്ടിയുമായി ബന്ധമുള്ളവർ സെക്രട്ടറിയെ കാണുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിൽ സ്വീകരിച്ച ദേവസ്വം ബോർഡിന്റെ നിലപാടിനോട് വിരുദ്ധ നിലപാടാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ സ്വീകരിച്ചത്. സാവകാശ ഹർജിക്ക് ഇനി പ്രസക്തിയില്ലെന്നും പുനപരിശോധന ഹർജിയാണ് പരിഗണിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.

നേരത്തെ, പദ്മകുമാറിന്റെ പരസ്യപ്രസ്താവനകളോട് അതൃപ്തിയുണ്ടെന്ന് ദേവസ്വം കമ്മീഷണർ എൻ വാസു പറഞ്ഞിരുന്നു. തിരുവിതാംകൂർ പ്രസിഡന്റിന്റേത് ഒരു രാഷ്ട്രീയ നിയമനമാണെന്നും ശബരിമല കേസിൽ പദ്മകുമാറിന്റെ പരസ്യ നിലപാടിലെ അതൃപ്തി അറിയിക്കാനുമാണ് കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതെന്നും ദേവസ്വം ബോർഡ് കമ്മിഷണർ വ്യക്തമാക്കി. ദേവസ്വം ബോർഡ് പ്രസിഡന്റ് ഒരു പൊളിറ്റിക്കൽ നോമിനിയാണ്. അതുകൊണ്ടു തന്നെയാണ് എ.കെ.ജി സെന്റെറിലെത്തി കോടിയേരിയോട് തന്റെ അതൃപ്‌തി തുറന്ന് പറഞ്ഞതെന്നും എൻ.വാസു വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശന വിധിയിൽ പുനപരിശോധന ആവശ്യമില്ലെന്ന് സുപ്രീംകോടതിയിൽ ദേവസ്വം ബോർഡെടുത്ത നിലപാടിൽ ആരും തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല. എന്നാൽ, ബോർഡ് നിയോഗിച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ വിശദീകരണം നൽകേണ്ടത് ഉത്തരവാദിത്തമാണ്. സ്വാഭാവികമായും അത്തരം വിശദീകരണം നൽകുമെന്നും എൻ വാസു പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ പരിഗണിക്കവെ വിധിയെ അനുകൂലിച്ചുള്ള നിലപാടാണ് ദേവസ്വം ബോർഡിനായി ഹാജരായ അഭിഭാഷകൻ രാകേഷ് ദ്വിവേദി സുപ്രീംകോടതിയിൽ അറിയിച്ചത്. എന്നാൽ,സാവകാശ ഹർജിയെ കുറിച്ച് ദേവസ്വം ബോർഡ് അഭിഭാഷകൻ സുപ്രീംകോടതിയിൽ പറയാത്തതിൽ പദ്മകുമാർ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

കോടിയേരിയെ കണ്ടത് പദ്മകുമാറിന്റെ പരസ്യ നിലപാടിലെ അതൃപ്‌തി അറിയിക്കാൻ, പ്രസിഡന്റിന്റേത് രാഷ്ട്രീയ നിയമനം: എൻ വാസു