കൊൽക്കൊത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ധർണയിൽ പങ്കെടുത്ത ആറ് മുതിർന്ന ഐ.പി.എസ് ഓഫീസർമാർക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അച്ചടക്കനടപടിക്കൊരുങ്ങുന്നു. ആൾ ഇന്ത്യ സർവീസ് ചട്ട ലംഘനം നടത്തിയതിനാണ് നടപടി. കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജിവ് കുമാറിനെതിരെ നടപടിയെടുക്കാൻ പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിയോട് കേന്ദ്രം ഇതിനകം ആവശ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. മമതാ ബാനർജിയുടെ ധർണയിൽ പങ്കെടുത്ത ആറ് ഓഫീസർമാർക്കും സ്തുത്യർഹമായ സേവനത്തിന് നേരത്തെ നൽകിയ മെഡലുകൾ തിരിച്ചുവാങ്ങും.
എംപാനൽഡ് സീനിയോറിട്ടി ലിസ്റ്രിൽ നിന്ന് ഒഴിവാക്കുക, നിശ്ചിത കാലത്തേക്ക് കേന്ദ്രസർവീസിലേക്ക് വിലക്കുക തുടങ്ങിയ നടപടികളാണ് ഇവർക്കെതിരെ കൈക്കൊള്ളുക. അഡി. ഡയറക്ടർ ജനറൽ ( സുരക്ഷ) വിനീത് കുമാർ ഗോയൽ, അഡി. ഡയറക്ടർ ജനറൽ ( ലോ ആൻഡ് ഓർഡർ ) അഞ്ജു ശർമ്മ , ബിധാൻ നഗർ കമ്മിഷണർ ഗ്യാൻബന്ദ് സിംഗ്, കൊൽക്കത്ത ഡി.സി.പി വീരേന്ദ്ര, അഡി കമ്മിഷണർ സുപ്രതി സർക്കാർ തുടങ്ങിയവർക്കെതിരായാണ് നടപടിയെടുക്കുക. ഫെബ്രുവരി നാലിന് കൊൽക്കത്ത സിറ്രി പൊലീസ് കമ്മിഷണറെ ചോദ്യം ചെയ്യാൻ ശ്രമിച്ച സി.ബി.ഐ ഉദ്യോഗസ്ഥരെ കൊൽക്കത്ത പൊലീസ് കസ്റ്രഡിയിലെടുക്കുകയും സി.ബി.ഐ ഓഫീസിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തത് വിവാദമായിരുന്നു.
ഇതേ തുടർന്നാണ് മുഖ്യമന്ത്രി മെട്രോ ലെയിനിൽ ധർണയിരുന്നത്. സി.ഐ.എസ്. എഫാണ് സി.ബി. ഐ ഓഫീസിന് സുരക്ഷ നൽകിയത്. സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് കൊൽക്കൊത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനോട് സി.ബി.ഐക്ക് മുമ്പാകെ ഹാജരാകാനും സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.