narendra-mod

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കള്ളന്റെയും കാവൽക്കാരന്റെയും മുഖമെന്ന് കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി. റാഫേലിൽ മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'പ്രതിരോധവകുപ്പിനെ മറികടന്ന് റാഫേൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരചർച്ച നടത്തിയെന്ന വിവരം ഒടുവിൽ പുറത്തായി. മോദി ഒടുവിൽ പിടിക്കപ്പെട്ടു. താൻ പറഞ്ഞതെല്ലാം സത്യമെന്ന് തെളിഞ്ഞിരിക്കുകയാണ്. കാവൽക്കാരനും കള്ളനുമാണോ മോദി..? ദ്വന്ദവ്യക്തിത്വമുണ്ടോയെന്നും രാഹുൽ ചോദിച്ചു. റോബർട്ട് വാധ്രയെക്കുറിച്ചും ചിദംബരത്തെപ്പറ്റിയും എത്ര വേണമെങ്കിലും അന്വേഷിക്കാമെന്ന് രാഹുൽ പറഞ്ഞു.

എന്നാൽ, പ്രധാനമന്ത്രി അന്വേഷണം നേരിടാൻ തയാറാകണം. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് 3000 കോടി രൂപയുടെ ഇടപാട് സുഹൃത്ത് അനിൽ അംബാനിയ്ക്ക് നൽകിയെന്ന് തെളിഞ്ഞതായും രാഹുൽ കൂട്ടിച്ചേർത്തു. ഒരു ദേശീയ മാദ്ധ്യമമാണ് റാഫേലിൽ പി.എം.ഒ ഇടപെട്ടെന്ന റിപ്പോർട്ട് പുറത്തുവിട്ടത്. 'റാഫേൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെക്കുറിച്ച് ജെ.പി.സി അന്വേഷണം വേണമെന്ന് പ്രതിപക്ഷം നേരത്തേ ആവശ്യപ്പെട്ടിരുന്നതാണ്. ഇപ്പോൾ പ്രതിരോധമന്ത്രിയുടെ ഓഫീസിലെ കത്തുകളും രേഖകളും അത് തെളിയിക്കുന്നെ'ന്നും രാഹുൽ ചൂണ്ടിക്കാട്ടി.

റാഫേലിനെപ്പോലൊരു നിർണായക ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് ഇന്ത്യയുടെ വിലപേശൽ ശേഷിയെ കാര്യമായി ബാധിയ്ക്കുമെന്നാണ് മുൻ പ്രതിരോധ സെക്രട്ടറി ജി.മോഹൻ കുമാർ ഫയലിൽ എഴുതിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് റഫാൽ ഇടപാടിൽ ഇടപെടുന്നതിൽ പ്രതിരോധവകുപ്പിന് ശക്തമായ എതിർപ്പുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ രേഖ.