pkr-pillai-mohanlal-mammo

ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, നായർ സാബ്, ഗസൽ...മലയാളസിനിമയുടെ എക്കാലത്തെയും സൂപ്പർഹിറ്റുകളാണിവ. എന്നാൽ ഇവ നിർമ്മിച്ച മനുഷ്യനോ? പി.കെ.ആർ പിള്ള എന്ന ആ സാധു ഇന്ന് ആരാലും പരിഗണിക്കപ്പെടാതെ, ഉറ്റവരെ പോലും ഓർത്തെടുക്കാൻ കഴിയാതെ നാലു ചുമരുകൾക്കുള്ളിൽ ദുരിതം പേറി ജീവിക്കുകയാണ്. കേരളകൗമുദിയാണ് പിള്ളയുടെ ഇപ്പോഴത്തെ അവസ്ഥ പുറംലോകത്തെത്തിച്ചത്. മദ്രാസിലും എറണാകുളത്തും എന്തിനേറെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ വരെ സ്വന്തമായി വീടും വാഹനങ്ങളുമൊക്കെയുണ്ടായിരുന്ന പിള്ളയ്‌ക്ക് ഒരുകാലത്ത് തന്റെ ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ഇന്നത്തെ താരചക്രവത്തിമാരെ തിരിച്ചറിയാൻ കൂടി കഴിയുന്നില്ല.

പി.കെ.ആർ പിള്ളയുടെ ഭാര്യ രമ പിള്ള കേരളകൗമുദിയോട് മനസു തുറന്നപ്പോൾ-

'ബാലചന്ദ്രമേനോനും കുഞ്ചാക്കോ ബോബനും അഭിനയിച്ച സത്യം ശിവം സുന്ദരം എന്ന സിനിമയിലെ ബാലചന്ദ്രമേനോന്റെ അവസ്ഥയാണ് ഇപ്പോൾ അദ്ദേഹത്തിന്. എല്ലാം ഉണ്ടെന്നുള്ള ധാരയാണ് പുള്ളിയ്‌ക്ക്. എന്നാൽ പൈസ ഇല്ലെന്ന് അറിയുകയും ചെയ്യാം. അമൃതംഗമയാണ് മോഹൻലാൽ ആദ്യം നായകനാകുന്ന പടം. അതുവരെ ലാൽ വില്ലനായിരുന്നല്ലോ. അമൃതംഗമയ കഴിഞ്ഞിട്ടാണ് ചിത്രവും വന്ദനവുമൊക്കെ വരുന്നത്. 15 ചിത്രങ്ങൾ നിർമ്മിച്ചു. അതിൽ കൂടുതൽ ഉള്ളെങ്കിലേ ഉള്ളൂ. ബാക്കി കുറേ ഡിസ്‌ട്രിബ്യൂട്ട് ചെയ്‌തിട്ടുണ്ട്. നായർസാബൊക്കെ ഞങ്ങൾ പ്രൊഡ്യൂസ് ചെയ്‌തതാണ്. പിന്നീട് അവർക്ക് കൊടുക്കുകയായിരുന്നു.

അഹം പടമൊക്കെ നമ്മൾ എടുത്തതാണ്. നല്ല പേരുവന്നെങ്കിലും പൈസയൊന്നും കിട്ടിയില്ല. മോഹൻലാൽ, ഇനി എത്തിപ്പെടാനൊന്നുമില്ല. മാക്‌സിമം ഒരു മനുഷ്യന് എത്തിപ്പെടാൻ കഴിയുന്നിടത്ത് അങ്ങേര് എത്തിക്കഴിഞ്ഞു. അങ്ങേരുടെ കഴിവുതന്നെയാണ്. പുള്ളിയുടെ പ്രയത്നവും കൂടിയുണ്ട്. പക്ഷേ ഒരാൾക്ക് വഴികാട്ടികൊടുത്താലല്ലേ അയാൾക്ക് കേറിപോകാൻ കഴിയൂ. അങ്ങനെ ചെയ്‌ത ആള്. എട്ട് പടത്തോളം നമുക്ക് മോഹൻലാലിന്റേതായിട്ടുണ്ട്. ചില സിനിമകൾ ഹിറ്റായെങ്കിലും പലതും നഷ്‌ടമായിരുന്നു. മുംബയിലും ചെന്നൈയിലും ഉണ്ടായിരുന്ന സ്ഥലങ്ങൾ വിറ്റു. ബിസിനസ് തകർന്നു. കൂത്താട്ടുകുളത്തെ കോടികൾ വിലവരുന്ന സ്ഥലം ഒരു നിർമ്മാതാവ് കൈക്കലാക്കി. കൈയിൽ കാശില്ലാതായപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ല'.

മകൻ സിദ്ധുവിനെ കഴിഞ്ഞ വർഷം ജനുവരിയിലാണ് ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്. അതോടെ പിള്ളച്ചേട്ടൻ തകർന്നു. അവനു വേണ്ടി തലയിണയും പുതപ്പും ഒരുക്കിവച്ച് ഇങ്ങനെ ദിവാൻകോട്ടിലിരിക്കുന്നതു കാണുമ്പോൾ സഹിക്കില്ല. ഇളയ മകൾ സോനു വിവാഹപ്രായം കഴിഞ്ഞു നില്ക്കുന്നു- രമ പറയുന്നു.