rape

ആലപ്പുഴ : പീഡനകേസിൽ ഇരയായ പെൺകുട്ടി മൊഴിമാറ്റിയിട്ടും ശാസ്ത്രീയ തെളിവുകൾ പ്രതിയെ കുടുക്കി. ഇരപോലും രക്ഷയ്‌ക്കെത്തിയപ്പോഴും കോടതിക്ക് മുന്നിൽ ശാസത്രീയ തെളിവുകൾ മാരിയപ്പനാണ് പ്രതിയെന്ന് ചൂണ്ടിക്കാണിച്ചു. പ്രായപൂർത്തിയാവാത്ത തമിഴ് പെൺകുട്ടി കഴിഞ്ഞ വർഷമാണ് പീഡനത്തിന് ഇരയായത്. മാതാപിതാക്കളെ പോലും അറിയാതെ ഗർഭിണിയായ പെൺകുട്ടി ആലപ്പുഴയിലെ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തമിഴ് മാത്രം സംസാരിച്ചിരുന്ന പെൺകുട്ടിയോട് പൊലീസ് കേസെടുത്ത് കാര്യങ്ങൾ തിരക്കിയപ്പോഴാണ് ഇരുപത്തിനാല് കാരനായ മാരിയപ്പൻ എന്നയാൾ കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന വിവരം മനസിലായത്. തുടർന്ന് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

എന്നാൽ വിചാരണയ്ക്കിടെ മാരിപ്പനല്ല പീഡിപ്പിച്ചതെന്ന വാദം നിരത്തി പീഡനകേസിലെ ഇരപോലും പ്രതിയ്ക്കനുകൂലമായി മൊഴിമാറ്റി. പക്ഷേ കോടതി ഡി.എൻ.എ.പരിശോധനയിലൂടെ ഗർഭത്തിനുത്തരവാദി മാരിയപ്പനാണെന്ന് മനസിലാക്കുകയും ശിക്ഷ വിധിക്കുകയുമായിരുന്നു. ആലപ്പുഴ സ്‌പെഷ്യൽ സെഷൻസ് ജഡ്ജി എസ്.എച്ച്.പഞ്ചാപകേശനാണ് ശാസ്ത്രീയ രീതികൾ അവലംബിച്ച് ശിക്ഷ വിധിച്ചത്. പ്രതിക്ക് പത്തുവർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്.

ശാസ്ത്രീയ തെളിവുകൾ മാത്രം കണക്കിലെടുത്ത് ശിക്ഷവിധിക്കുന്ന സംസ്ഥാനത്തെ ആദ്യ പോക്‌സോ കേസാണിതെന്ന് പിന്നീട് പ്രോസിക്യൂട്ടർ എസ്.സീമ വ്യക്തമാക്കി.