കൊച്ചി: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന പി.കെ. കുഞ്ഞനന്തന് പരോൾ നൽകുന്നതിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമർശനം. കുഞ്ഞനന്തന്, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചികിത്സയ്‌ക്കായി പരോൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശിക്ഷ താൽകാലികമായി തടഞ്ഞ് ചികിത്സക്ക് അനുമതി നൽകണമെന്നായിരുന്നു ആവശ്യം. കുഞ്ഞനന്തന് മെഡിക്കൽ കോളേജിൽ ചികിത്സ തുടർന്നാൽ പോരെയെന്ന് കോടതി ചോദിച്ചു. ആശുപത്രിയിൽ സഹായിയായി ഒരാളെ നിറുത്തിയാൽ പോരെയെന്നും, പുറത്തു പോകേണ്ട ആവശ്യമുണ്ടോയെന്നും കോടതി ചോദിച്ചു.
തുടർന്ന് കേസ് പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചു. കുഞ്ഞനന്തൻ തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെതിരെ ഹൈക്കോടതി നേരത്തെ രൂക്ഷവിമർശനമുയർത്തിയിരുന്നു. കുഞ്ഞനന്തന് ഗുരുതര ആരോഗ്യപ്രശ്‌നമാണെന്നും അടിയന്തര ചികിത്സ നൽകേണ്ടതുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, തടവുകാരന് ചികിത്സ നൽകേണ്ടത് സർക്കാരാണെന്ന് കോടതി പറഞ്ഞിരുന്നു. നേരത്തെ, ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന് ജയിലിൽ കഴിയാൻ എന്താണ് തടസമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായി കുഞ്ഞനന്തന് നടക്കാനാവാത്ത അവസ്ഥയാണെന്ന് അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ, ജയിലിൽ സുഖമായി കിടക്കാമല്ലോ എന്നായിരുന്നു കോടതിയുടെ പരാമർശം.
ഇതോടൊപ്പം കുഞ്ഞനന്തൻ ജയിലിൽ എത്ര വർഷം കഴിഞ്ഞു എന്നും ചോദിച്ചു. ജയിലിൽ കൂടുതൽ ദിവസം ഉണ്ടായിരുന്നില്ല എന്നാണ് അറിഞ്ഞത്. എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കിൽ സഹായിക്കാൻ കൂട്ടുപ്രതികൾ ഉണ്ടല്ലോ എന്നും പറഞ്ഞ കോടതി, ഇതെല്ലാം വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് സർക്കാരിനോട് ആവശ്യപ്പെട്ടു. തടവുകാർക്ക് രോഗം വന്നാൽ പരോളിന് പകരം ചികിത്സയാണ് നൽകേണ്ടതെന്നും തടവുകാരുടെ ചികിത്സ സർക്കാരിന്റെ ബാദ്ധ്യതയാണെന്നും ഹൈക്കോടതി നേരത്തെ വാക്കാൽ അഭിപ്രായപ്പെട്ടിരുന്നു.
ബോർഡിൽ തർക്കമില്ല, പദ്മകുമാർ തന്നെ ദേവസ്വം പ്രസിഡന്റായി തുടരും: കടകംപള്ളി