തിരുവനന്തപുരം: ശബരിമല വിഷയത്തിൽ താനും ദേവസ്വം കമ്മീഷണറുമായി അഭിപ്രായഭിന്നതയില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ. പ്രഥമ പരിഗണന സാവകാശഹർജിക്ക് തന്നെയാണെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. ദേവസ്വം ബോർഡിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ദേവസ്വംമന്ത്രിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് പൊളിറ്റിക്കൽ നോമിനി തന്നെയാണ്. എന്നാൽ, സ്ഥാനമേറ്റെടുത്താൽ പിന്നെ രാഷ്ട്രീയപ്രവർത്തനം പാടില്ലെന്നാണ് പതിവുരീതിയെന്നും പദ്മകുമാർ പറഞ്ഞു.
അതേസമയം, സാവകാശ ഹർജിക്ക് പ്രസക്തിയില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു. എ പത്മകുമാർ തന്നെ ദേവസ്വം പ്രസിഡന്റായി തുടരുമെന്നും പ്രസിഡൻറും ദേവസ്വം കമ്മീഷണറുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. ഇരുവരുമായി താൻ ഇന്നലെ സംസാരിച്ചു. പാർട്ടിയുമായി ബന്ധമുള്ളവർ സെക്രട്ടറിയെ കാണുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പദ്മകുമാറിന്റെ പരസ്യപ്രസ്താവനകളോട് അതൃപ്തിയുണ്ടെന്ന് ദേവസ്വം കമ്മീഷണർ എൻ വാസു പറഞ്ഞു. ഇക്കാര്യം അദ്ദേഹം പ്രതിനിധീകരിക്കുന്ന പാർട്ടി നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട്.
ദേവസ്വം ബോർഡ് പ്രസിഡന്റിന്റേത് പൊളിറ്റിക്കൽ നിയമനം ആണെന്നും അതുകൊണ്ടു തന്നെയാണ് എ.കെ.ജി സെന്റെറിലെത്തി കോടിയേരി ബാലകൃഷ്ണനോട് തന്നെ അതൃപ്തി തുറന്ന് പറഞ്ഞതെന്ന് എൻ വാസു പറഞ്ഞു. ശബരിമല യുവതീ പ്രവേശന വിധിയിൽ പുനപരിശോധന ആവശ്യമില്ലെന്ന് സുപ്രീംകോടതിയിൽ ദേവസ്വം ബോർഡെടുത്ത നിലപാടിൽ ആരും തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല. എന്നാൽ ബോർഡ് നിയോഗിച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ വിശദീകരണം നൽകേണ്ടത് ഉത്തരവാദിത്തമാണ്. സ്വാഭാവികമായും അത്തരം വിശദീകരണം നൽകുമെന്നും എൻ വാസു പറഞ്ഞു.