bjp

ന്യൂഡൽഹി : ബി.ജെ.പിയുടെ ശക്തി കേന്ദ്രം എക്കാലവും ഉത്തരേന്ത്യയെന്ന ഹിന്ദി ബെൽറ്റാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ വലിയ സംസ്ഥാനങ്ങളിൽ ശ്രദ്ധയൂന്നാനാണ് പൊതുവെ ദേശീയ പാർട്ടികൾ ശ്രമിക്കുന്നതും. വികസനവും ഹിന്ദുവികാരവും ബി.ജെ.പിക്ക് വോട്ടായി പെട്ടിയിൽ വീഴുന്ന കാഴ്ചയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടത്. ഹിന്ദി ബെൽറ്റിൽ നിന്നും കിട്ടാവുന്ന സീറ്റുകളിൽ പരമാവധി നേടിയാണ് മോദി സർക്കാർ അധികാരത്തിൽ ഏറിയത്. കോൺഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം ഉയർത്തി വേദികളിൽ ബി.ജെ.പി നേതാക്കൾ കൈയ്യടി വാങ്ങുമ്പോഴും അതിനുള്ള തന്ത്രങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം വിജയിച്ചുവെന്നാണ് ചില കണക്കുകൾ വ്യക്തമാക്കുന്നത്.


കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബി.ജെ.പിയിലേക്ക് ചേക്കേറിയത് 80 കോൺഗ്രസ് എം.എൽ.എമാർ എന്നതാണ് കോൺഗ്രസിനെ ഞെട്ടിക്കുന്ന ഈ കണക്ക്. സ്വയം വളരാതെ ശത്രു പക്ഷത്തെ പ്രബലരെ വേരോടെ പിഴുത് സ്വന്തം പാളയത്തിലെത്തിക്കുന്ന തന്ത്രമാണ് ഇതിലൂടെ അമിത് ഷാ പയറ്റുന്നത്. ഇത് ശത്രു പാളയത്തിന് ഏൽപ്പിക്കുന്ന ആഘാതം ഇരട്ടിയാണെന്നതാണ് ഒരു വസ്തുത.

വടക്കേ ഇൻഡ്യയിലെ ചെറിയ സംസ്ഥാനങ്ങളിൽ ഒരിക്കലും താമര വിരിയില്ലെന്ന കണക്ക് കൂട്ടൽ ബി.ജെ.പി തെറ്റിച്ചതും ഇപ്രകാരമാണ്. ത്രിപുര, മണിപ്പൂർ, അരുണാചൽ പ്രദേശ് തുടങ്ങിയ ചെറു സംസ്ഥാനങ്ങളിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരെ ബി.ജെ.പി നേതാക്കളാക്കിയാണ് ഇവിടെ അദ്ഭുതം പ്രവർത്തിച്ചത്. പതിറ്റാണ്ടുകളായി സി.പി.എമ്മിന്റെ കരങ്ങളിൽ സുരക്ഷിതമായിരുന്ന ത്രിപുര ബി.ജെ.പി സ്വന്തമാക്കിയത് സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയിലെ നേതാക്കളെ അപ്പാടെ സ്വന്തം പാളയത്തിലേക്ക് എത്തിച്ചായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും രണ്ട് ശതമാനമായി കോൺഗ്രസ് വോട്ടുകൾ കുറഞ്ഞത് ഈ വസ്തുത ശരി വയ്ക്കുന്നുമുണ്ട്. ഇതേ തന്ത്രമാണ് അസമിലും അരുണാചൽ പ്രദേശിലും, മണിപ്പൂരിലും ബി.ജെ.പി പരീക്ഷിച്ച് വിജയിച്ചത്. ബി.ജെ.പി വളർന്നത് കോൺഗ്രസിന്റെ അടിവേരുകൾ വരെ ഇളക്കിയായിരുന്നു.

മദ്യപിക്കാത്തവരിലും വ്യാപിക്കുന്നു കരൾവീക്കം, ഈ രോഗ ലക്ഷണങ്ങൾ അവഗണിക്കരുത്‌

വടക്കൻ കേരളത്തിൽ വിജയിച്ച തന്ത്രം കേരളമുൾപ്പെടുന്ന തെക്കേ ഇൻഡ്യയിൽ നടപ്പിലാക്കുവാനാകുമോ എന്നാണ് ബി.ജെ.പി നേതൃത്വം ഇപ്പോൾ പരിശോധിക്കുന്നത്. ഇതിൽ കേരളത്തിലാണ് പാർട്ടി ഏറെ പ്രതീക്ഷ വയ്ക്കുന്നതും. കാരണം ത്രിപുരയ്ക്ക് സമാനമായ അവസ്ഥ ദക്ഷിണേന്ത്യയിലുള്ളത് കേരളത്തിലാണ്. ത്രിപുരയിൽ സാദ്ധ്യമായത് കേരളത്തിലും നടക്കുമെന്ന് നരേന്ദ്ര മോദിയും അമിത്ഷായും ആവർത്തിക്കുന്നതും ഇതിനാലാണ്. കേരളത്തിൽ പി.എസ് ശ്രീധരൻ പിള്ള അദ്ധ്യക്ഷനായപ്പോൾ മറ്റ് പാർട്ടിയിലെ പല പ്രമുഖരും ബി.ജെ.പിയിലേക്ക് വരുമെന്ന് പലവട്ടം പറഞ്ഞിരുന്നു. അദ്ദേഹം അമിതാവേശം കാണിച്ചതിനാൻ കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുകയും അപകടം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയുമായിരുന്നു. എന്നിരുന്നാലും ശബരിമല സ്ത്രീപ്രവേശന വിഷയം കത്തിച്ച് നിർത്തി മുൻ ദേവസ്വം പ്രസിഡന്റ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ ചേർക്കാൻ കഴിഞ്ഞെങ്കിലും ഉദ്ദേശിച്ച ലക്ഷ്യം കേരളത്തിൽ കൈവരിക്കാൻ ബി.ജെ.പിക്ക് ആയില്ല. ഇതിൽ ദേശീയ നേതൃത്വത്തിന് അതൃപ്തിയുമുണ്ട്.