സ്വന്തമായി വീടെന്ന ആഗ്രഹം നമുക്കെല്ലാവർക്കുമുണ്ട്. ചെറുതോ വലുതോ ആയിക്കോട്ടെ, എല്ലാവരുടെയും ആഗ്രഹങ്ങളിൽ വീട് എന്ന സ്വപ്‌നത്തിന് മുൻപന്തിയിൽ തന്നെയാണ് സ്ഥാനം. എന്നാൽ വീടുവയ്‌ക്കുന്നതിന് ചില ചിട്ടവട്ടങ്ങളൊക്കെ പാലിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും വാസ്‌തുവിന്റെ കാര്യത്തിൽ. വാസ്‌തുവിൽ സംഭവിക്കുന്ന ചില ചെറിയ പിഴവുകൾ പോലും കുടുംബാംഗങ്ങളെ കാര്യമായി ബാധിക്കാനിടയുണ്ട്. അതിലൊന്നാണ് വീടിന്റെ വാതിലും.
വാസ്‌തു പ്രകാരം വീടിന്റെ വാതിൽ എങ്ങനെ നിർമ്മിക്കണമെന്നും ഏതു സ്ഥാനത്ത് നിർമ്മിക്കണമെന്നും വിശദമായി നിഷ്‌കർഷിച്ചിട്ടുണ്ട്. അതുപോലെ തന്നെ എവിടെയൊക്കെ നിഷിദ്ധമാണെന്നും. മുൻവാതിലിന് അകത്തും പുറത്തും തടസങ്ങൾ ഉണ്ടാകുന്നത് ഗൃഹത്തിന് ഐശ്വര്യകരമല്ല. ഉദാഹരണത്തിനു വാതിലിനു നേരെ ഗോവണികൾ (സ്‌റ്റെപ്പ്), തൂണുകൾ, ഭിത്തികൾ, കട്ടിളക്കാലുകൾ, ജനൽക്കാലുകൾ എന്നിങ്ങനെയുള്ള തടസങ്ങൾ വരുന്നതു ഗൃഹനാഥനു ദോഷങ്ങൾ വരുത്തിവയ്‌ക്കും.
ഗൃഹത്തിനുപുറത്തും ഇതുപോലുള്ള തടസങ്ങൾ ശാസ്ത്രഹിതമല്ല. മുൻവാതിലിനു നേരെ തുളസിത്തറ, മുല്ലത്തറ, ഗേറ്റിന്റെ കാലുകൾ, കിണർ, കുളം എന്നിവ ഗൃഹത്തിൽ താമസിക്കുന്നവർക്കു കർത്തവ്യതടസത്തെ പ്രധാനം ചെയ്യുമെന്നാണ് ശാസ്ത്രം.