കണ്ണൂർ: കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വെെറലായ നിയമോളുടെ സങ്കടത്തിന് സഹായ വാഗ്ദാനവുമായി ആരോഗ്യമന്ത്രി കെ.കെ ശെെലജ. ജന്മനാ കേൾവിശേഷിയില്ലാതിരുന്ന പെരളശ്ശേരി ചോരക്കളത്തെ രൂപ നിവാസിലെ നിയശ്രീ കേൾക്കാൻ തുടങ്ങിയിട്ടു നാലുമാസമേ ആയുള്ളൂ. ഇതിനിടയിലാണ് ശ്രവണ സഹായ യന്ത്രം മോഷണം പോയത്. സംസ്ഥാന സർക്കാരിന്റെ ശ്രുതിതരംഗം പദ്ധതിയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നു കോക്ലിയാർ ഇംപ്ലാന്റ് ശസ്ത്രക്രിയ ചെയ്ത ശേഷമായിരുന്നു യന്ത്രസഹായത്തോടെ കേൾവി ശക്തി സാധ്യമായത്. കേൾക്കാൻ കഴിയാതിരുന്നതുകൊണ്ടു സംസാരിക്കാനും കഴിയാതെപോയ നിയശ്രീ ഇപ്പോൾ വാക്കുകൾ പഠിച്ചുവരുന്നേയുള്ളൂ.
മൂന്നുമാസം മുൻപാണ് കണ്ണൂർ പെരളശ്ശേരിയിലെ രാജേഷിന്റെ ജന്മനാ കേൾവി ശക്തിയില്ലാത്ത രണ്ടുവയസുകാരിയായ മകൾ നിയശ്രീക്ക് കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തിയത്. കേൾവിശക്തി തിരിച്ച് കിട്ടിയതോടെ പതിയെ പതിയെ അവൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നുവെന്ന് രാജേഷ് പറയുന്നു. സർജറിക്ക് ശേഷം തുടർചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്‌ക്കിടെയാണ് ശ്രവണ സഹായ ഉപകരണങ്ങളടങ്ങിയ ബാഗ് ട്രെയിനിൽ വച്ച് നഷ്ടപ്പെട്ടത്. ട്രെയിനിൽ നല്ല തിരക്കായതിനാൽ ഉപകരങ്ങളടങ്ങിയ ബാഗ് അവർകയറിയ ലേഡീസ് കമ്പാർട്ട്മെന്റിലെ സൈഡിൽ തൂക്കിയിടുകയായിരുന്നു.
എട്ട് ലക്ഷത്തോളം രൂപ ചെലവു വരുന്ന കോക്ലിയർ ഇംപ്ലാന്റേഷൻ സർജറി സർക്കാർവഴി സൗജന്യമായി ലഭിക്കുകയായിരുന്നു. ഇപ്പോൾ ഒന്നും കേൾക്കാനാവാതെ അവൾ നിലത്തുകിടന്ന് കരയുമ്പോൾ ചങ്ക് പിടയുന്നത് കണ്ടുനിൽക്കുന്നവരുടെയാണ്. ആരുടെയെങ്കിലും കൈയ്യിൽ ആ ബാഗ് കിട്ടിയിട്ടുണ്ടെങ്കിൽ അത് തിരികെ തരണം. എന്റെ മകളുടെ ജീവിതമാണ്. നിറകണ്ണുകളോടെ രാജേഷ് പറയുന്നു. പുതിയ ഒരെണ്ണം വാങ്ങണമെങ്കിൽ അഞ്ചുലക്ഷത്തോളം രൂപ വേണം. ആ തുക കണ്ടെത്താൻ ഇൗ അച്ഛന് ഇന്ന് മറ്റ് മാർഗങ്ങളൊന്നുമില്ല.വാർത്ത അറിഞ്ഞ് ഒരുപാട് പേർ വിളിച്ചു. ഇന്ന് ഉമ്മൻ ചാണ്ടി സാറും വിളിച്ചിരുന്നു. പക്ഷേ നഷ്ടപ്പെട്ടുപോയ ആ ബാഗ് മാത്രം തിരിച്ചുതരാൻ വേണ്ടി ആരും വിളിച്ചില്ലെന്ന് രാജേഷ് പറഞ്ഞിരുന്നു.