ഓക്ക്ലൻഡ്: ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി 20 മൽസരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഏഴു വിക്കറ്റിനാണ് ഇന്ത്യ ന്യൂസീലൻഡിനെ തകർത്തത്. ന്യൂസിലൻഡ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം ഇന്ത്യ 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇതോടെ മൂന്ന് മൽസരങ്ങളുടെ പരമ്പര 1-1ന് സമനിലയിലായി. ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 29 പന്തുകൾ നേരിട്ട രോഹിത് മൂന്നു ബൗണ്ടറിയും നാലു സിക്‌സും സഹിതം 50 റൺസെടുത്ത് പുറത്തായി. ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ ആതിഥേയർക്കൊപ്പമെത്തി.
രോഹിത് ശർമ്മ(50) ശിഖർ ധവാൻ(30) എന്നിവർ ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. പന്ത് 40 റൺസെടുത്തു. 20 റൺസുമായി ധോണി പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനായി 50 റൺസെടുത്ത ഗ്രാൻഡ്ഹോമും 42 റൺസെടുത്ത ടെയ്ലറും മാത്രമേ മികച്ച പ്രകടനം നടത്തിയുള്ളു. ഇന്ത്യക്കായി കൃണാൽ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ നിർണായകമായ മൂന്നാം മൽസരം ഞായറാഴ്ച ഹാമിൽട്ടനിലെ സെഡൻ പാർക്കിൽ നടക്കും.