കഴിഞ്ഞദിവസം ഗായകൻ സോനു നിഗം ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റു ചെയ്‌ത ചിത്രം കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ. ഇടതുകണ്ണ് തടിച്ചു ചീർത്ത് തുറക്കാൻ കഴിയാത്ത അവസ്ഥയിലുള്ളതായിരുന്നു ചിത്രം. ഒഡീഷയിലെ ജയ്‌പൂരിൽ വച്ച് ഒരു പാർട്ടിയ്‌ക്കിടെ കടൽ വിഭവങ്ങളടങ്ങിയ ഭക്ഷണം കഴിച്ചതാണ് സോനുവിന് വിനയായത്. മുംബയിലെ നാനാവതി ആശുപത്രിയിലാണ് താരമിപ്പോൾ.
ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ഇടത് കണ്ണിന് വീക്കം ഉണ്ടെന്നും സോനു നിഗം ഇൻസ്‌റ്റഗ്രാമിൽ കുറിച്ചു. ഭക്ഷണത്തിൽ നിന്നുണ്ടാകുന്ന അലർജി അപകടകരമാണെന്നും തന്റെ കാര്യത്തിൽ മത്സ്യവിഭവങ്ങളിൽ നിന്നാണ് അലർജിയുണ്ടായതെന്നും നിഗം കുറിച്ചു. ആശുപത്രി അടുത്തില്ലായിരുന്നെങ്കിൽ താനിപ്പോൾ ജീവിച്ചിരിപ്പുണ്ടാകുമായിരുന്നില്ലയെന്നും താരം പറയുന്നു.