ന്യൂഡൽഹി: റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് മുൻ പ്രതിരോധ സെക്രട്ടറി ജി മോഹൻകുമാർ എഴുതിയ വിയോജനക്കുറിപ്പിന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ എഴുതിയ മറുപടി കേന്ദ്രസർക്കാർ പുറത്തുവിട്ടു. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും കാര്യങ്ങൾ ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നുതെന്നും പരീക്കർ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷം വൻകിട കുത്തകകളുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് ഇപ്പോൾ ആരോപണമുന്നയിക്കുന്നതെന്നും നിർമല സീതാരമാൻ ലോക്സഭയിൽ പറഞ്ഞു. 2016 ജനുവരി 11നാണ് പരീക്കർ ഫയലിൽ മറുപടി നൽകിയത്. വിയോജനക്കുറിപ്പിനെക്കുറിച്ച് പ്രതിരോധസെക്രട്ടറി പി.എം.ഒ പ്രിൻസിപ്പൽ സെക്രട്ടറിയുമായി ചർച്ച ചെയ്യട്ടെയെന്ന് മറുപടിയിൽ പരീക്കർ പറയുന്നു. ഫ്രഞ്ച് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകൾ ഇടപാടിനെക്കുറിച്ചുള്ള ചർച്ചകളും സ്ഥിതിഗതികളും വിലയിരുത്തുന്നുവെന്നേ ഉള്ളൂവെന്നും പ്രതിരോധമന്ത്രി ഫയലിൽ എഴുതിയ മറുപടിക്കുറിപ്പിൽ പറയുന്നു.
വിയോജിപ്പ് അറിയിച്ചുകൊണ്ടുള്ള അഞ്ചാമത്തെ ഖണ്ഡിക അതിരു കടന്ന ആശങ്കയാണെന്നും പ്രതിരോധമന്ത്രി എഴുതിയ മറുപടിയിലുണ്ട്. റാഫേൽ അഴിമതിയിൽ ഫ്രഞ്ച് സർക്കാരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചർച്ച നടത്തിയെന്ന് റിപ്പോർട്ട് നേരത്തെ ദേശീയ മാദ്ധ്യമം പുറത്തുവിട്ടിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിൽ പ്രതിരോധ മന്ത്രാലയം വിയോജിപ്പറിയിച്ചിരുന്നെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സമാന്തര വിലപേശൽ ശ്രമത്തിന് ഉദ്യോഗസ്ഥർ എതിർപ്പറിയിച്ചിരുന്നു.
പ്രതിരോധ മന്ത്രാലയത്തിന്റെയും ഇന്ത്യൻ സംഘത്തിന്റെയും നിലപാടുകളെ ദുർബലപ്പെടുത്തുന്നതായിരുന്നു പി.എം.ഒ യുടെ ഇടപെടൽ. പ്രതിരോധ മന്ത്രാലയത്തിന്റെ നടപടികളിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് ഒഴിവാക്കണമെന്ന് സെക്രട്ടറി ജി. മോഹൻകുമാർ ഫയലിൽ കുറിച്ചതായി രേഖകളെ ഉദ്ധരിച്ച് പത്രം പറയുന്നു. എന്നാൽ, റഫേൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ഇതുമായി ബന്ധപ്പെട്ട് ഫയലിൽ എഴുതിയിരുന്നെന്നും, എന്നാൽ പശ്ചാത്തലെ ഓർമ്മയില്ലെന്നും മോഹൻകുമാർ പറഞ്ഞു. മുൻ പ്രതിരോധ സെക്രട്ടറിയാണ് മോഹൻ കുമാർ.ഫ്രഞ്ച് സർക്കാരുമായി പി.എം.ഒ സമാന്തര ചർച്ച് നടത്തിയെന്നായിരുന്നു റിപ്പോർട്ട്. ഇതിനെ മോഹൻ കുമാർ എതിർത്തിരുന്നു.