''രാഹുലേ..."
അലറുകയായിരുന്നു വേലായുധൻ മാസ്റ്റർ.
രാഹുൽ അക്ഷോഭ്യനായി വിളി കേട്ടു:
''എന്തോ."
''എനിക്കു കുരുക്കു വീണാൽ നിന്റെ അച്ഛനെയും കുരുക്കും. അല്ലെങ്കിൽ നീ നോക്കിക്കോ."
മാസ്റ്റർ ഭീഷണിപ്പെടുത്തി.
എന്നാൽ രാഹുൽ കുലുങ്ങിയില്ല:
''ഞങ്ങൾ ഭരിക്കുമ്പോൾ എന്റെ അച്ഛനെ ഒരുത്തനും കുരുക്കത്തില്ല... പിന്നെ ഞാൻ പറഞ്ഞുതീർന്നില്ല. ഇന്നു രാത്രിയിൽ പഴവങ്ങാടി ചന്ദ്രനെ ഞാൻ മീഡിയയ്ക്കു മുന്നിൽ പ്രസന്റു ചെയ്യും. അവൻ ഞങ്ങൾക്കു മുന്നിൽ കുറ്റസമ്മതം നടത്തിയതിന്റെ പെൻഡ്രൈവ് ഉൾപ്പെടെ...."
മാസ്റ്ററുടെ ശ്വാസഗതിക്കു വേഗതയേറി. അയാളിലെ അസ്വസ്ഥത രാഹുൽ കണ്ടറിഞ്ഞു.
അവൻ തുടർന്നു:
''അതോടെ നിങ്ങൾക്കു നേരെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു പോകാം. അതുപോരാഞ്ഞ് നിങ്ങളുടെ ജാരസന്തതിയെയും ഞങ്ങൾ ജനത്തിനു മുന്നിൽ നിർത്തിക്കൊടുക്കും. അതോടെ നിങ്ങളുടെ കുടുംബവും ഠേ..."
രാഹുൽ കൈകൊണ്ട് ഒരു ആംഗ്യം കാണിച്ചു.
മാസ്റ്ററുടെ നാവ് മരവിച്ചുപോയി.
രാഹുൽ എഴുന്നേറ്റു.
''ഈ തിരുമുഖത്തു നോക്കി ഇത്രയും പറയാനാ ഞാൻ വന്നത്. വൈകിട്ട് 6.30നുള്ളിൽ എനിക്ക് തീരുമാനം അറിയണം. അല്ലെങ്കിൽ ഏഴുമണിക്കുള്ള ന്യൂസിൽ നിങ്ങൾക്ക് ജാരസന്തതിയെയും ഗുണ്ടാനേതാവിനെയും ടിവിയിൽ കാണാം. എന്റെ നമ്പർ അറിയാമല്ലോ. നിങ്ങളുടെ കാൾ ഞാൻ പ്രതീക്ഷിക്കും."
മറുപടിക്കു കാക്കാതെ രാഹുൽ എഴുന്നേറ്റു. അവന്റെ കാൽക്കീഴിൽ ഗ്രാനൈറ്റ് ഫ്ളോർ ഞെരിഞ്ഞുടയുന്നതുപോലെ തോന്നി മാസ്റ്റർക്ക്.
രാഹുൽ പുറത്തെത്തി. ഡോർ ശക്തിയിൽ അടഞ്ഞു.
അല്പനേരത്തേക്ക് അനങ്ങാൻ കഴിഞ്ഞില്ല മാസ്റ്റർക്ക്.
അയാൾ കണക്കുകൾ കൂട്ടുകയും കിഴിക്കുകയും ചെയ്തുനോക്കി.
എങ്ങനെയാണെങ്കിലും തനിക്ക് നഷ്ടമേ ഉള്ളൂവെന്ന് ഉറപ്പാക്കി.
പൊടുന്നനെ...
ഇടിമിന്നൽ പോലെയൊരു ചിന്ത അയാൾക്കുണ്ടായി. അതോടെ നഷ്ടപ്പെട്ട ആത്മവീര്യം കൈവരുന്നത് മാസ്റ്റർ അറിഞ്ഞു.
അടുത്ത നിമിഷം അയാൾ ഫോണെടുത്ത് മെഡിക്കൽ കോളേജ് സി.ഐ ധനപാലനെ വിളിച്ചു.
''സാർ... " ധനപാലന്റെ ഭവ്യമായ ശബ്ദം.
''താൻ ഉടനെ എന്റെ അരുകിൽ എത്തണം. ഞാൻ .... ഹോട്ടലിൽ ഉണ്ട്."
''സാർ." കാൾ മുറിഞ്ഞു.
അര മണിക്കൂർ.
സി.ഐ ധനപാലൻ, സി.എമ്മിന്റെ മുന്നിൽ അറ്റൻഷനായി.
മാസ്റ്റർ അയാളെ അടിമുടി നോക്കി.
''ധനപാലാ..."
''സാർ..."
''നീ ചോദിക്കുന്നതാണ് പ്രതിഫലം. ഒരിക്കലും ഒരു സി.എം പറയാൻ പാടില്ലാത്ത കാര്യമാണ് താൻ പറയാൻ പോകുന്നത്."
ധനപാലൻ ജാഗരൂകനായി കാതുകൾ കൂർപ്പിച്ചു.
''സാറ് പറഞ്ഞാട്ടെ.."
''ഒന്നുകിൽ നീ. അല്ലെങ്കിൽ നീ പറഞ്ഞാൽ അനുസരിക്കുന്ന ആരെങ്കിലും... അത് പോലീസായാലും ഗുണ്ടയായാലും മറ്റ് ആരായാലും.... എനിക്കു വേണ്ടി അത് ചെയ്തിരിക്കണം. മടികൂടാതെ നിന്റെ പ്രതിഫലവും നിനക്കു ചോദിക്കാം. ഒറ്റ വ്യവസ്ഥ: ഇതിനു പിന്നിൽ ഞാനാണെന്ന് നീയല്ലാതെ മറ്റൊരാൾ അറിയാൻ പാടില്ല.
''ഇല്ല സാർ... സാറിന് എന്നെ വിശ്വസിക്കാം. നൂറു ശതമാനം. സാറ് പറഞ്ഞോ. അക്ഷരം പ്രതി ഞാൻ അതു ചെയ്തിരിക്കും."
വേലായുധൻ മാസ്റ്റർ പിടഞ്ഞുണർന്നു. അയാളുടെ മുഖത്ത് ആഹ്ളാദം അലതല്ലി.
''എങ്കിൽ വരുന്ന... വരുന്ന രാത്രിക്ക് അപ്പുറം മുൻ ആഭ്യന്തരമന്ത്രി രാജസേനൻ ജീവിച്ചിരിക്കാൻ പാടില്ല.."
ധനപാലൻ ഞെട്ടുമെന്നാണ് മാസ്റ്റർ കരുതിയത്. പക്ഷേ അയാൾ ഞെട്ടിയില്ല. ഒന്നു പുഞ്ചിരിച്ചു.
''റിസ്ക്കുള്ള പണിയാണ്. എങ്കിലും ഞാൻ ഏറ്റു."
മാസ്റ്റർ എഴുന്നേറ്റ് ധനപാലന്റെ തോളിൽ കൈവച്ചു.
''വെരിഗുഡ്."
പിന്നെ അയാൾ കട്ടിലിനടിയിൽ നിന്ന് ഒരു പെട്ടി വലിച്ചെടുത്ത് ടീപ്പോയിൽ വച്ചു തുറന്നു.
ധനപാലന്റെ കണ്ണുകൾ നക്ഷത്രങ്ങൾ പോലെ മിന്നി...
(തുടരും)