climate-change

സമുദ്രങ്ങൾ കടുത്ത പച്ച നിറത്തിലേക്കും കടും നീല നിറത്തിലേക്കും മാറുമെന്ന് ഗവേഷകർ. നിറം മാറുക എന്നത് മനുഷ്യന്റെ കാഴ്ചയിൽ മാത്രം സംഭവിക്കുന്നതാണെന്നിരിക്കെ കാഴ്ചയിലുണ്ടാകുന്ന ഈ മാറ്റത്തിനു യഥാർത്ഥത്തിൽ കാരണമാകുന്നത് സമുദ്രത്തിലെ രാസപ്രവർത്തനങ്ങളിൽ വരുന്ന വ്യതിയാനങ്ങളാണ്. ഈ വ്യതിയാനങ്ങൾ സമുദ്രജീവികളുടെ ആവാസ വ്യവസ്ഥയിൽ സാരമായ മാറ്റമുണ്ടാക്കാൻ പോന്നവയാണ്. സമുദ്രത്തിലെ ജീവ അടിസ്ഥാനമായ ഫൈറ്റോപ്ലാങ്ക്തൺ എന്ന വസ്തു തന്നെയാണ് സമുദ്രത്തിൽ ദൃശ്യമാകാൻ പോകുന്ന നിറം മാറ്റത്തിന്റെയും കേന്ദ്രബിന്ദു.

ഉയരുന്ന സമുദ്രതാപനിലയോട് ഇവ പ്രതികരിക്കുന്ന രീതിയാണ് സമുദ്രത്തിലെ രാസമാറ്റങ്ങൾക്കും നിറം മാറ്റത്തിനും വഴിവയ്‌ക്കുന്നത്. താപനിലയിലുണ്ടാകുന്ന ഈ വ്യതിയാനം ചിലയിടങ്ങളിൽ ഫൈറ്റോപ്ലാങ്ക്തണിന്റെ അളവു വർധിപ്പിക്കുകയും ചിലയിടങ്ങളിൽ കുറയ്ക്കുകയും ചെയ്യും. ഫൈറ്റോപ്ലാങ്ക്തണിന്റെ സാന്നിധ്യമാണ് മേഖലയിലെ സമുദ്രത്തിന്റെ നിറം നിർണയിക്കുന്നത്. സമുദ്രഭാഗത്തിന്റെ നിറം നീലയാണെങ്കിൽ അവിടെ ഫൈറ്റോപ്ലാങ്ക്തണിന്റെ അളവ് കുറവാണെന്നാണ് അർത്ഥം. അതേസമയം, ഫൈറ്റോപ്ലാങ്ക്തൺനിറയെ ഉള്ള സമുദ്രഭാഗമാണെങ്കിൽ നിറം പച്ചയായിരിക്കും.

അതുകൊണ്ട് തന്നെ ഒരു സമുദ്രമേഖലയുടെ നിറം നോക്കി തന്നെ ആ പ്രദേശത്തെ താപനില നിർണയിക്കാനാകുന്ന അവസ്ഥയിലേക്കു വൈകാതെ ആഗോളതാപനം ഭൂമിയെ എത്തിക്കുമെന്ന് ഗവേഷകർ പറയുന്നു. ചൂടു കൂടുതലുള്ള പ്രദേശത്ത് ഫൈറ്റോപ്ലാങ്ക്തണിന്റെ എണ്ണം കുറയുകയും അവിടെ നീല നിറത്തിൽ കാണപ്പെടുകയും ചെയ്യും. അതേസമയം, സമുദ്ര താപനില കുറവുള്ള പ്രദേശത്ത് ഫൈറ്റോപ്ലാങ്ക്തണ്‍ നന്നായി വളരുകയും ഇവിടം പച്ച നിറത്തിൽ ദൃശ്യമാകുകയും ചെയ്യും.

നിലവിലെ സാഹചര്യത്തിൽ ഈ നൂറ്റാണ്ട് അവസാനിക്കുന്നതോടെ ധ്രുവപ്രദേശത്തു മാത്രമാകും പച്ച നിറമുള്ള സമുദ്രങ്ങൾ അവശേഷിക്കാൻ സാധ്യതയെന്നാണു ഗവേഷകർ കണക്കു കൂട്ടുന്നത്. ഇങ്ങനെ നിറം മാറ്റത്തിനനുസരിച്ച് സമുദ്രജീവികളുടെ അളവിലും വ്യത്യാസം വരും. സമുദ്രത്തിലെ ആഹാര ശൃംഖലയിൽ ആദ്യത്തെ കണ്ണിയാണ് ഫൈറ്റോപ്ലാങ്ക്തണുകൾ‍. അതിനാൽ തന്നെ ഇവയുള്ള പ്രദേശത്തെ കേന്ദ്രീകരിച്ചാകും മറ്റു ജീവികളുടെയും നിലനിൽപ്പ് സാധ്യമാവുക.