narendra-modi

റാഫേൽ വിമാന ഇടപാടിൽ കോടികളുടെ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഏറെ നാളായി പ്രതിപക്ഷ കക്ഷികൾ ആരോപണമുന്നയിക്കുന്നുണ്ട്. ഇന്ന് പുറത്ത് വന്ന പുതിയ 'വെളിപ്പെടുത്തൽ രേഖ'യോടെ പ്രധാനമന്ത്രിയുടെ കള്ളത്തരങ്ങൾ വെളിച്ചത്തായി എന്ന് ആരോപിക്കുകയാണ് വി.ടി.ബൽറാം എം.എൽ.എ. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് റഫാലിൽ നടത്തിക്കൊണ്ടിരിക്കുന്ന സമാന്തര ചർച്ചകൾ ഇന്ത്യയുടെ ഔദ്യോഗിക വിലപേശൽ ശേഷിയെ തകർക്കുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയത്തിലെ ഡപ്യൂട്ടി സെക്രട്ടറിയുടെ കുറിപ്പ് ദേശീയ പത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ പ്രതിപക്ഷത്തിന് സർക്കാരിനെ അടിക്കാൻ പുതിയ വടികിട്ടിയിരിക്കുകയാണ്.

റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമല്ല അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കർ കൂടി ഈ അഴിമതിയിൽ കൂട്ടുപ്രതിയാണെന്ന് വി.ടി.ബൽറാം ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

റഫാൽ അഴിമതിയിൽ പ്രതിരോധ വകുപ്പിന്റെ എതിർപ്പ് അവഗണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപ്പെട്ടു എന്ന രാഹുൽ ഗാന്ധിയുടെ ആരോപണം പൊളിഞ്ഞു, തേഞ്ഞു എന്നൊക്കെയുള്ള സംഘികളുടെ തള്ളിമറിക്കലുകൾ കണ്ടപ്പോഴാണ് ഈ പുതിയ 'വെളിപ്പെടുത്തൽ രേഖ' ഒന്നുകൂടി സൂക്ഷ്മമായി നോക്കിയത്. യഥാർത്ഥത്തിൽ നേരത്തെയുള്ള ആരോപണത്തെ കൂടുതൽ ശരിവക്കുകയാല്ലോ ഇതും ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് റഫാലിൽ നടത്തിക്കൊണ്ടിരിക്കുന്ന സമാന്തര ചർച്ചകൾ ഇന്ത്യയുടെ ഔദ്യോഗിക വിലപേശൽ ശേഷിയെ തകർക്കുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയത്തിലെ ഡപ്യൂട്ടി സെക്രട്ടറിയുടെ കുറിപ്പ്. ഇത് ഒന്നുകൂടി അടിവരയിടുന്ന തരത്തിലാണ് മേലുദ്യോഗസ്ഥനായ പ്രതിരോധ വകുപ്പ് സെക്രട്ടറിയുടെയും നോട്ട്. എന്നാൽ അതിനും മുകളിൽ രക്ഷാമന്ത്രി മനോഹർ പരിക്കർ നേരിട്ട് ഏയ് അങ്ങനെയൊന്നും ഇല്ല, അതൊക്കെ വെറും തോന്നലാണ്, മോദിജി ശരിക്കും പാവമാണ് എന്ന തരത്തിൽ സർട്ടിഫിക്കറ്റ് നൽകുന്നു. പ്രതിരോധമന്ത്രിയുടെ ഈ വാക്കുകളാണ് ഇപ്പോൾ സംഘികൾ പ്രതിരോധത്തിനായി ഉപയോഗിക്കുന്നത്.

മോദി നിയമിച്ച മന്ത്രി മോദിയെ രക്ഷപ്പെടുത്താൻ വേണ്ടി ഫയലിലെഴുതുന്ന കുറിപ്പിന് എന്ത് ആധികാരികതയും വിശ്വാസ്യതയുമാണുള്ളത്? റഫാൽ അഴിമതി ഒരു രാഷ്ട്രീയ തീരുമാനപ്രകാരമാണ് നടന്നതെന്നും അതിൽ പ്രതിരോധ മന്ത്രി ഒഴിച്ചുള്ള പ്രതിരോധ വകുപ്പിന് മുഴുവൻ എതിർപ്പായിരുന്നുവെന്നും അല്ലേ ഒരിക്കൽക്കൂടി ഇതിലൂടെ തെളിയുന്നത്? ചുരുക്കത്തിൽ നരേന്ദ്രമോഡി കുറ്റക്കാരനല്ല എന്നല്ല, അദ്ദേഹത്തോടൊപ്പം ആശുപത്രിക്കിടക്കയിൽ കിടക്കുന്ന മനോഹർ പരീക്കർ കൂടി ഈ അഴിമതിയിൽ കൂട്ടുപ്രതിയാണെന്ന് മാത്രമാണ് ഈ പുതിയ രേഖ തെളിയിക്കുന്നത്. ഉപ്പുതിന്ന കൂടുതൽ പേരെ ഇങ്ങനെ സ്വയം വെള്ളം കുടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.