1. ദേവസ്വം ബോര്‍ഡിലെ തര്‍ക്കത്തില്‍ നിലപാട് തിരുത്തി പ്രസിഡന്റ് എ.പദ്മകുമാര്‍. ദേവസ്വം ബോര്‍ഡ് കമ്മിഷണറോട് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് പദ്മകുമാര്‍. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നു. റിപ്പോര്‍ട്ട് കിട്ടട്ടെ എന്ന് പറഞ്ഞത് വളച്ചൊടിക്കുക ആയിരുന്നു. ശബരിമല വികസനത്തിനായി 739 കോടി അനുവദിച്ച സര്‍ക്കാരിന് ഒപ്പമാണ് താന്‍.
2. സാവകാശ ഹര്‍ജി സംബന്ധിച്ച് ദേവസ്വം മന്ത്രിയുമായി വ്യത്യസ്ത അഭിപ്രായമെന്നത് മാദ്ധ്യമസൃഷ്ടിയാണ്. ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കില്ല. നവംബറില്‍ കാലാവധി അവസാനിക്കുന്നത് വരെ സ്ഥാനത്ത് തുടരും. ബോര്‍ഡ് പ്രസിഡന്റ് നിലപാട് അറിയിച്ചത് പദ്കുമാറിനെ മാറ്റിയേക്കുമെന്ന് അഭ്യൂഹം ശക്തമാകുന്നതിനിടെ. എ. പദ്മകുമാറിന്റെ പരസ്യ പ്രസ്താവനകളോട് അതൃപ്തിയുണ്ടെന്ന് നേരത്തെ ദേവസ്വം കമ്മിഷണര്‍ എന്‍ വാസു വ്യക്തമാക്കിയിരുന്നു.
3. അതിനിടെ, ദേവസ്വം ആശയക്കുഴപ്പമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബോര്‍ഡ് പ്രസിഡന്റിന്റെ വാക്കുകള്‍ മാദ്ധ്യമങ്ങള്‍ വളച്ചൊടിച്ചു. സാവകാശ ഹര്‍ജിക്ക് ഇനി പ്രസക്തിയില്ല. മണ്ഡലക്കാലത്താണ് സാവകാശം ചോദിച്ചിരുന്നത്. സാവകാശ ഹര്‍ജി നല്‍കിയപ്പോള്‍ തന്നെ വിധിയെ അംഗീകരിച്ചിരുന്നു. ബോര്‍ഡ് കോടതിയില്‍ പറഞ്ഞതിനെ പുരോഗമന ശക്തികള്‍ പിന്തുണയ്ക്കുമെന്നും കോടിയേരി
4. റഫാല്‍ ഇടപാട് വിവാദം കത്തുന്നു. പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രി ന്യായീകരിച്ചതിന് പിന്നാലെ വിഷയത്തിലെ മുന്‍ പ്രതിരോധ മന്ത്രിയുടെ മറുപടി പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ സെക്രട്ടറിയുടെ പ്രതികരണം അതിരുകടന്നത് എന്ന് കുറിപ്പില്‍ പരാമര്‍ശം. പി.എം.ഒയുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാന്‍ നിര്‍ദ്ദേശം. പരീക്കറുടെ കുറിപ്പ് 2016 ജനുവരി 11ന്. പുതിയ വെളിപ്പെടുത്തല്‍ റഫാല്‍ ഇടപാടിലെ പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ന്യായീകരിച്ചതിന് പിന്നാലെ.
5. ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ല. ഓഫീസ് നടത്തിയത് വിലയിരുത്തല്‍ മാത്രം. അതിനെ ഇടപെടലായി വ്യാഖ്യാനിക്കേണ്ടത് ഇല്ല. ഫയലിലെ എല്ലാ വിവരങ്ങളും പത്രവാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രാജ്യസുരക്ഷയെ ബാധിക്കില്ലെന്ന് അതേ ഫയലില്‍ തന്നെ മറുപടി നല്‍കിയിരുന്നു. അത് മറച്ചുവച്ചാണ് പത്രം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതെന്നും ന്യായീകരണം. പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമെന്നും നിര്‍മ്മല സീതാരാമന്‍.
6. റഫാലിലെ പുതിയ വിവാദം 2015 നവംബറില്‍ പ്രതിരോധ മന്ത്രിക്ക് മുന്‍ പ്രതിരോധ മന്ത്രാലയം സെക്രട്ടറി മോഹന്‍കുമാര്‍ അയച്ച കത്തിന്റെ വിവരങ്ങള്‍ ദേശീയ മാദ്ധ്യമം പുറത്ത് വിട്ടതോടെ. വിഷയത്തിലെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപടെല്‍ പ്രതിരോധ മന്ത്രാലയത്തെ മറികടന്ന്. കരാറിന് ബാങ്ക് ഗ്യാരാന്റി വേണമെന്ന് പ്രതിരോധ മന്ത്രാലയം സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ താത്പര്യം ഹനിക്കപ്പെടുന്നു എന്നും കത്തില്‍ പരാമര്‍ശം. സംഭവത്തില്‍ ജെ.പി.സി അന്വേഷണം വേണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയമസഭാ കക്ഷി അംഗം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.
7. കര്‍ണാടകയിലെ രാഷ്ട്രീയ തര്‍ക്കം പുതിയ തലത്തിലേക്ക്. എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ്. കൂറുമാറ്റ നിരോധന നിയമപ്രകാരം എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് സിദ്ധരാമയ്യ. നടപടി ആവശ്യപ്പെട്ടത് രമേഷ് ജര്‍ക്കിഹോളി, ഉമേഷ് ജാദവ്, ബി. നാഗേന്ദ്ര, കെ. മഹേഷ് എന്നിവര്‍ക്ക് എതിരെ. നിയമസഭാകക്ഷി സമ്മേളനത്തിലും ബഡ്ജറ്റിലും പങ്കെടുത്തില്ല. വിശദീകരണം തൃപ്തികരമല്ലെന്നും സിദ്ധരാമയ്യ. ഇത് സംബന്ധിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കി.
8. എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതിന്റെ തെളിവുകള്‍ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി കുമാരസ്വാമി പുറത്ത് വിട്ടിരുന്നു. കുമാരസ്വാമി പുറത്ത് വിട്ടത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പയും ജെ.ഡി.എസ് എം.എല്‍.എ നാഗന ഗൗഡയുടെ മകന്‍ ശരണയും തമ്മിലുള്ള ഓഡിയോ സംഭാഷണം. 25 ലക്ഷവും മന്ത്രിസ്ഥാനവും ആയിരുന്നു വാഗ്ദാനം.