mana

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ ഒക്‌ടോബർ-ഡിസംബർ ത്രൈമാസത്തിൽ മണപ്പുറം ഗ്രൂപ്പ് 42 ശതമാനം വർദ്ധനയോടെ 244.11 കോടി രൂപയുടെ ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 171.73 കോടി രൂപയായിരുന്നു. ഉപസ്ഥാപനങ്ങളുടെ പ്രവർത്തനഫലം ഒഴിവാക്കിയാൽ കമ്പനിയുടെ ലാഭം 210.83 കോടി രൂപയാണ്. 24.4 ശതമാനമാണ് വർദ്ധന.

മൊത്തം വരുമാനം 872 കോടി രൂപയിൽ നിന്ന് 24 ശതമാനം വർദ്ധിച്ച് 1,​081.20 കോടി രൂപയായി. ഗ്രൂപ്പിന്റെ ആകെ ആസ്‌തി 21.4 ശതമാനം ഉയർന്ന് 17,​783.06 കോടി രൂപയായി. 2017 ഒക്‌ടോബർ-ഡിസംബറിൽ ഇത് 14,​650.16 കോടി രൂപയായിരുന്നു. രണ്ടുരൂപ മുഖവിലയുള്ള ഓഹരികൾക്ക് 0.55 രൂപ വീതം ഇടക്കാല ലാഭവിഹിതം നൽകാൻ തൃശൂർ വലപ്പാട് ചേർന്ന ഡയറക്‌ടർ ബോർഡ് യോഗം തീരുമാനിച്ചുവെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു.