rafale-deal-new-allegatio

ന്യൂഡൽഹി: റാഫേൽ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാർ സമാന്തര ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ട് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് മുൻ പ്രതിരോധ സെക്രട്ടറി മോഹൻകുമാറിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യത്തിൽ പ്രതിരോധ മന്ത്രാലയം വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയെന്ന തരത്തിൽ പുറത്ത് വന്ന റിപ്പോർട്ടുകൾ കൃത്രിമമായി ഉണ്ടാക്കിയതാണ്. കരാറിൽ സാമ്പത്തിക ക്രമമക്കേടുകൾ നടന്നിട്ടില്ല, എല്ലാം സുതാര്യമായിരുന്നു. റിപ്പോർട്ടിൽ എഴുതിയ സാഹചര്യം വേറെയാണ്. കരാറിൽ അംബാനിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ മോഹൻകുമാറിന്റെ പേരിൽ പുറത്ത് വന്ന വിയോജനക്കുറിപ്പ് ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

റാഫേൽ കരാറിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് ഒഴിവാക്കണമെന്ന് കാട്ടി അന്നത്തെ പ്രതിരോധ സെക്രട്ടറിയായിരുന്ന ജി.മോഹൻകുമാർ എഴുതിയതെന്ന പേരിൽ ഒരു പ്രമുഖ ദേശീയ മാദ്ധ്യമമാണ് ഒരു റിപ്പോർട്ട് പുറത്തുവിട്ടത്. ഫ്രഞ്ച് സർക്കാരുമായി പി.എം.ഒ സമാന്തര ചർച്ച നടത്തിയെന്നും ഇതിനെ മോഹൻ കുമാർ എതിർത്തിരുന്നുവെന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ കുറിപ്പ് എഴുതിയത് ഏത് സാഹചര്യത്തിലാണെന്ന് ഓർക്കുന്നില്ലെന്നായിരുന്നു മോഹൻകുമാറിന്റെ നേരത്തെയുണ്ടായിരുന്ന പ്രതികരണം. ചിലപ്പോൾ ഏതെങ്കിലും ചെറിയ കാര്യത്തിനായിരിക്കും കുറിപ്പ് എഴുതിയത്. തന്റെ റിപ്പോർട്ടിന്റെ ഒരു ഭാഗം മാത്രമാണ് മാദ്ധ്യമങ്ങൾ പുറത്ത് വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഈ നിലപാടിൽ നിന്നും മലക്കം മറിയുന്ന പ്രസ്‌താവനയാണ് മോഹൻകുമാർ വൈകുന്നേരം നടത്തിയത്.

അതേസമയം, മോഹൻകുമാറിന്റെ വിയോജനക്കുറിപ്പ് നിഷേധിക്കാതിരുന്ന കേന്ദ്രസർക്കാർ മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കറുടെ കത്ത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തെ പ്രതിരോധിച്ചത്. മന്ത്രാലയത്തിന്റെ ആശങ്ക അസ്ഥാനത്താണെന്നും ഇക്കാര്യത്തിൽ പരിഭ്രമിക്കാൻ ഒന്നുമില്ലെന്നുമാണ് പരീക്കർ മറുപടി നൽകിയതെന്ന് പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടാതെ വാർത്ത നൽകിയ ദേശീയ മാദ്ധ്യമത്തിന് അജൻഡകൾ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യം പ്രതിപക്ഷവും മനസിലാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഇതിന് പിന്നാലെ നിർമലാ സീതാരാമന്റെ മറുപടി ഏറ്റെടുത്ത പ്രതിപക്ഷം കൂടുതൽ ചോദ്യങ്ങളുമായി രംഗത്തെത്തി. മോദിയുടെ ഓഫീസ് റാഫേൽ കരാറിൽ ഇടപെട്ടുവെന്നതിന് തെളിവാണ് പരീക്കറുടെ മറുപടിയെന്നാണ് കോൺഗ്രസ് ഇക്കാര്യത്തിൽ തിരിച്ചടിച്ചത്.