കൊച്ചി : നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നുണ പരിശോധനയ് തയ്യാറാണെന്ന് സുഹൃത്തുക്കൾ. എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരായാണ് ഇവർ സമ്മതം അറിയിച്ചത്. നടൻമാരായ ജാഫർ ഇടുക്കി, സാബുമോൻ എന്നിവരടക്കം ഏഴുപേരാണ് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്.
മണി കുഴഞ്ഞുവീണ ദിവസം ചാലക്കുടിയിൽ പാടിയിൽ ഉണ്ടായിരുന്നവരാണ് ഇവർ. ഇവരെ നുണ പരിശോധന വിധേയരാക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. നുണപരിശോധനയ്ക്ക് വിധേയരാക്കുന്നവരുടെ സമ്മതം കൂടിയുണ്ടെങ്കിലേ പരിശോധന പാടൂള്ളൂ എന്ന സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ സമ്മതം തേടിയത്.
2016 മാർച്ച് ആറിനാണ് കലാഭവൻ മണിയെ വീടിന് സമീപത്തുള്ള പാടിയിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. പാടിയിൽ അവസാന സമയത്ത് മണിക്ക് ഒപ്പമുണ്ടായിരുന്നവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേസന്വേഷണം ഏറ്റെടുത്ത സി.ബി.ഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. മണിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുമുണ്ടായിരുന്നു.
ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തരല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് കോടതി കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു.