തൃശ്ശൂർ: ഗൃഹപ്രവേശത്തിനും ക്ഷേത്ര ഉത്സവത്തിനുമായി എത്തിച്ച ആന ഇടഞ്ഞോടി രണ്ടുപേരെചവിട്ടിക്കൊന്നു. എട്ട് പേർക്ക് പരിക്കേറ്റു. ഗൃഹപ്രവേശചടങ്ങിൽ പങ്കെടുക്കാനെത്തിയ കണ്ണൂർ സ്വദേശി ബാബുവും കോഴിക്കോട് നരിക്കുനി സ്വദേശി മുരുകനുമാണ് മരിച്ചത്. കേരളത്തിലിന്നു ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇടഞ്ഞത്.
ഗുരുവായൂർ കോട്ടപ്പടിയിലാണ് സംഭവം. കോട്ടപടിയിലെ ക്ഷേത്ര ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന്റെ അതേ ദിവസം തന്നെയായിരുന്നു ഗൃഹപ്രവേശം. ഗൃഹപ്രവേശം നടത്തുന്ന വീട്ടുകാരാണ് ആനയെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നത്. ഇതേ വീടിന്റെ മുറ്റത്ത് തന്നെയായിരുന്നു ആനയെ തളച്ചത്.
അടുത്ത പറമ്പിൽ നിന്ന് പടക്കം പൊട്ടിച്ചതോടെ കാഴ്ചക്കുറവുള്ള ആന പരിഭ്രാന്തനായി ഓടുകയായിരുന്നു. ഓടുന്നതിനിടെ സമീപത്ത് നിൽക്കുകയായിരുന്ന ബാബു ആനയുടെ ചവിട്ടേറ്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുരുകൻ രാത്രിയോടെ മരിച്ചു. ഈ സമയം ഗൃഹപ്രവേശത്തിൽ പങ്കെടുക്കാനെത്തിയ ധാരാളം പേർ വീട്ടു മുറ്റത്തുണ്ടായിരുന്നു. തിക്കിലും തിരക്കിലും എട്ട് പേർക്ക് പരുക്കേറ്റു.
ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തൃശൂർ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. അമ്പത് വയസിലേറെ പ്രായമുണ്ട് കാഴ്ച കുറവുള്ള ആനയെ മദപ്പാടിനിടെയും എഴുന്നെള്ളിക്കുന്നതിനെതിരെ ഇതിനു മുൻപും വിവാദങ്ങളുമുണ്ടായിട്ടുണ്ട്.