കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയും പൊതു ധാരണയുണ്ടാക്കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിനേയും യു.ഡി.എഫിനെയും പരാജയപ്പെടുത്തുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്നും ഇത് നടക്കില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രണ്ട് പാർട്ടികളുടെയും ലക്ഷ്യം ഒന്നു തന്നെയാണ്. നേതാക്കളുമായി ആദ്യ കൂടിക്കാഴ്ച നടന്നു കഴിഞ്ഞെന്നാണ് അറിയാൻ കഴിഞ്ഞത്. ബി.ജെ.പിക്ക് പാർലമെന്റിൽ കോൺഗ്രസിന്റെ സീറ്റ് കുറയ്ക്കണം. ഇക്കാര്യം കേരള ജനത തിരിച്ചറിയും. ബി.ജെ.പി സർക്കാരിനെ താഴെയിറക്കുക എന്നതാണ് കോൺഗ്രസിന്റെ മുഖ്യ അജൻഡ.
പരസ്യമായി ബി.ജെ.പിയെ തള്ളിപ്പറയുകയും രഹസ്യമായി ബി.ജെ.പിയുമായി ധാരണയുണ്ടാക്കുകയും ചെയ്യുന്ന തന്ത്രം സി.പി.എം സ്വീകരിക്കുന്നു. ശബരിമല വിഷയത്തിലും സ്വീകരിച്ച നിലപാട് ഇതായിരുന്നു. അവസാനമായി ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ശബരിമല വിഷയത്തിൽ നിലപാട് മാറ്റുന്നത് കണ്ടു. ദേവസ്വം ബോർഡ് പ്രസിഡന്റിനെ നോക്കുകുത്തിയാക്കിയാണ് നിലപാട് തിരുത്തിച്ചത്. സ്വതന്ത്ര സ്ഥാപനമായ ദേവസ്വം ബോർഡിൽ സർക്കാർ കൈകടത്തിയെന്നും അദ്ദേഹം പറഞ്ഞു.