ഗുരുവായൂർ: കോട്ടപ്പടി ചേമ്പാല കുളങ്ങര ക്ഷേത്രപൂരത്തിനിടെ ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് രണ്ടുപേർ മരിച്ചു. സുഹൃത്തിന്റെ വീട്ടിൽ ഗൃഹപ്രവേശനച്ചടങ്ങിനെത്തിയ കണ്ണൂർ സ്വദേശി ബാബു എന്ന നാരായണൻ പട്ടേരി (66), കോഴിക്കോട് സ്വദേശി അറയ്ക്കൽ ഗംഗാധരൻ (മുരുകൻ - 60) എന്നിവരാണ് മരിച്ചത്. എട്ടു പേർക്ക് പരിക്കേറ്റു. നാരായണൻ പട്ടേരി സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റ ഗംഗാധരൻ അമല ആശുപത്രിയിൽ വൈകിട്ട് അഞ്ച് മണിയോടെയുമാണ് മരിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇടഞ്ഞത്.
പ്രാദേശികപൂരം എഴുന്നള്ളിപ്പ് തുടങ്ങുന്നതിനു മുന്നോടിയായി പടക്കം പൊട്ടിച്ചപ്പോഴുണ്ടായ ശബ്ദം കേട്ടാണ് ആന വിരണ്ടത്. രണ്ടു വീടുകൾക്കിടയിൽ സംസാരിച്ചുനില്ക്കുകയായിരുന്ന സംഘത്തിനിടയിലേക്കാണ് ആന ഇടഞ്ഞോടിയത്. നാരായണൻ പട്ടേരിയും ഗംഗാധരനും അവിടെ നില്ക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.
അപകടം നടക്കുന്നതിന് ഒരു മണിക്കൂർ മുമ്പാണ് നാരായണൻ പട്ടേരിയും ഗംഗാധരനും അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരും സുഹൃത്തിന്റെ വീട്ടിലെത്തിയത്. ആചാരപ്രകാരം പതിവുപോലെ ഈ വീട്ടുമുറ്റത്തുനിന്നാണ് എഴുന്നള്ളത്ത് പുറപ്പെട്ടത്. ഇതോടൊപ്പം പുതിയ വീടിന്റെ ഗൃഹപ്രവേശനചടങ്ങും നടത്തുകയായിരുന്നു. വിരണ്ട ആന ഇവിടേക്കുതന്നെ തിരിഞ്ഞോടി. ദുബായിൽ സ്റ്റോക്ക് എക്സ്‌ചേഞ്ച് സ്ഥാപനത്തിലാണ് മരിച്ച നാരായണൻ പട്ടേരി ജോലി ചെയ്തിരുന്നത്. അടുത്ത ദിവസം തിരിച്ചുപോകാനിരിക്കെയാണ് ദാരുണാന്ത്യം.
കോട്ടപ്പടി സ്വദേശിനി മുള്ളത്ത് രഞ്ജിനി (65), ചാലിശ്ശേരി സ്വദേശി അംജേഷ് (25), ചാവക്കാട് സ്വദേശി കരിമത്ത് അക്ഷയ് തുടങ്ങിയവരെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.